ADVERTISEMENT

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ സംഘത്തിൽനിന്ന് നിർണായക രേഖകൾ സൈബർ ഹാക്കിങ്ങിലൂടെ ഇറാൻ ചോർത്തിയെന്ന ആരോപണത്തിൽ എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം തുടങ്ങി. കമല ഹാരിസിന്റെ പ്രചാരണ രേഖകൾ കൈവശപ്പെടുത്താനുള്ള ശ്രമവും അന്വേഷിക്കും. ഇറാൻ രേഖകൾ ചോർത്തിയതായി ട്രംപിന്റെ പ്രചാരണ സംഘം വെളിപ്പെടുത്തിയിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള വിദേശ ഏജന്റുമാരുടെ ശ്രമം വിശദമാക്കി മൈക്രോസോഫ്റ്റ് റിപ്പോർട്ട് പുറത്തിറക്കിയതിനു പിന്നാലെയായിരുന്നു ട്രംപ് പക്ഷത്തിന്റെ ആരോപണം. 

മുൻ ഉന്നതോപദേഷ്ടാവിന്റെ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇറാനിലെ മിലിറ്ററി രഹസ്യാന്വേഷണ വിഭാഗം ട്രംപിന്റെ പ്രചാരണ സംഘത്തിലെ പ്രധാനിമാരിൽ ഒരാൾക്ക് മെയിൽ അയച്ച കാര്യം മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു. 

മസ്കിന്റെ ട്രംപ് അഭിമുഖം പാളി

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറിയത് അട്ടിമറിയാണെന്ന് ട്രംപ്. ഇലോൺ മസ്കുമായി ‘എക്സി’ന്റെ ശബ്ദപ്രക്ഷേപണ പ്ലാറ്റ്ഫോമായ ‘സ്പേസസി’ൽ നടത്തിയ അഭിമുഖത്തിലാണ് ആരോപണം. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ ബൈഡനെ താൻ തകർത്തതാണു പിൻമാറ്റത്തിനു കാരണമെന്നും ട്രംപ് പറഞ്ഞു. തനിക്കു വെടിയേറ്റതിനെക്കുറിച്ചും ട്രംപ് പറഞ്ഞു: ‘തല തിരിച്ചില്ലായിരുന്നെങ്കിൽ ഇന്നു താങ്കളോടു സംസാരിക്കാൻ ഞാനുണ്ടാകുമായിരുന്നില്ല’. സുരക്ഷാ ഏകോപനത്തിൽ പാളിച്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു. 

അഭിമുഖത്തെ സാങ്കേതികത്തകരാർ ബാധിച്ചു. 10 ലക്ഷത്തോളം പേർ തുടക്കത്തിൽ കേൾക്കാനെത്തിയെങ്കിലും അഭിമുഖം 40 മിനിറ്റോളം വൈകിയാണു തുടങ്ങാനായത്. പലപ്പോഴും തടസ്സം നേരിട്ടു. വൈകിയതിനു ക്ഷമാപണം നടത്തിയ മസ്ക് സൈബർ ആക്രമണമാണു കാരണമെന്നും പറഞ്ഞു. 

English Summary:

FBI started investigation on allegation that Iran leaked critical documents from Donald Trump's campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com