തായ്‌ലൻഡ്: തക്സിൻ ഷിനവത്രയ്ക്ക് രാജാവ് മാപ്പ് നൽകി
Mail This Article
ബാങ്കോക്ക് ∙ അധികാരദുർവിനിയോഗത്തിന്റെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയ്ക്ക് രാജാവ് മാപ്പ് നൽകി. ഷിനവത്രയുടെ മകൾ പയേതുങ്താൻ ഷിനവത്ര (37) പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിറ്റേന്നാണ് പരോൾ 2 ആഴ്ചയായി ചുരുക്കി മാപ്പു നൽകിയത്.
കോടീശ്വരനായ ബിസിനസുകാരൻ കൂടിയായ മുൻ പ്രധാനമന്ത്രി തക്സിനെ 2006 ലാണ് അഴിമതി ആരോപിച്ച് പട്ടാളം പുറത്താക്കിയത്. തുടർന്ന് വിദേശത്തു താമസമാക്കിയ തക്സിൻ കഴിഞ്ഞ വർഷം തായ്‌ലൻഡിൽ തിരിച്ചെത്തി. 8 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചതെങ്കിലും മഹാവജിറലോങ്‌കോൺ രാജാവ് ഇടപെട്ട് കഴിഞ്ഞ സെപ്റ്റംബറിൽ ഇത് ഒരു വർഷമായി കുറച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ പരോളിൽ ഇറങ്ങുന്നതുവരെ ആരോഗ്യപ്രശ്നങ്ങൾ കാരണം 6 മാസം തക്സിൻ ആശുപത്രിത്തടവിലായിരുന്നു.
രാജാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ഉൾപ്പെടെ ഏതാനും തടവുകാർക്ക് മാപ്പുനൽകിയത്. ഇത് ഞായറാഴ്ച പ്രാബല്യത്തിൽ വരും. ഷിനവത്ര കുടുംബത്തിന്റെ ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്നു ഇളയ മകളായ പയേതുങ്താൻ. രാജ്യത്തിന്റെ ചരിത്രത്തിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും രണ്ടാമത്തെ വനിതയുമാണ്.