ഫ്രഞ്ച് സിനിമ ഇതിഹാസം അലൻ ദെലോ വിടവാങ്ങി
Mail This Article
പാരിസ് ∙ നീലക്കണ്ണുകളുമായി പ്രേക്ഷകരുടെ മനംകവർന്ന ഫ്രഞ്ച് സിനിമാതാരം അലൻ ദെലോ (88) അന്തരിച്ചു. 1960–80 കാലത്ത് യൂറോപ്യൻ സിനിമയിലെ സൂപ്പർതാരങ്ങളിലൊരായിരുന്ന ദെലോ തെമ്മാടിയുടെയും പൊലീസിന്റെയും വേഷങ്ങളിൽ ഒരുപോലെ തിളങ്ങി.
-
Also Read
സിനിമ കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു
പതിനേഴാം വയസ്സിൽ ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. രണ്ടാം ലോകയുദ്ധകാലത്ത് ഇന്തോചൈനയിൽ സേവനമനുഷ്ഠിച്ചു. അൻപതുകളിൽ ഫ്രാൻസിൽ തിരിച്ചെത്തി പോർട്ടറായി ജോലിയെടുത്തു. അക്കാലത്ത് ഒരു റസ്റ്ററന്റിൽ പരിചയപ്പെട്ട ഫ്രഞ്ച് നടൻ ഴാങ് ക്ലോദ് ബ്രൈലി ദെലോയെ കാൻ ചലച്ചിത്രോത്സവത്തിനു കൊണ്ടുപോയി. അവിടെവച്ചാണ് ആകസ്മികമായി സിനിമയിൽ വേഷമിടാൻ ക്ഷണം ലഭിച്ചത്. ഫ്രഞ്ച് സംസ്കാരത്തിലെ അതികായകനാണു ദെലോയെന്നു പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അനുശോചനസന്ദേശത്തിൽ കുറിച്ചു.
ഇറ്റാലിയൻ സംവിധായകൻ ലുക്കിനോ വിസ്കോണ്ടിയുടെ റോക്കോ ആൻഡ് ബ്രദേഴ്സ് (1960) ആദ്യ ശ്രദ്ധേയചിത്രം. മറ്റു പ്രധാന സിനിമകൾ: പർപ്പിൾ നൂൺ (1960), എനി നമ്പർ കാൻ വിൻ (1963), ദ് ലെപേഡ് (1963), സമുറായ് (1967), ദ് ഗോഡ്‌സൻ (1967), ദ് സ്വിമ്മിങ് പൂൾ (1969), ബോർസാലിനോ (1970). സോറോ (1975).