അഭയകേന്ദ്രത്തിൽ ബോംബിട്ടു; 12 പലസ്തീൻകാർ കൊല്ലപ്പെട്ടു
Mail This Article
ജറുസലം ∙ ഗാസ സിറ്റിയിൽ അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 12 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ തുരങ്കത്തിൽനിന്ന് 6 ബന്ദികളുടെ മൃതദേഹം ഇസ്രയേൽ സൈന്യം കണ്ടെടുത്തു. 109 ബന്ദികൾ കൂടി ഗാസയിൽ ശേഷിക്കുന്നുവെന്നാണ് ഇസ്രയേലിന്റെ കണക്ക്. ബന്ദികളെ തിരിച്ചെത്തിക്കാനുള്ള അവസരങ്ങൾ ഇസ്രയേൽ സർക്കാർ അട്ടിമറിച്ചെന്ന് ബന്ദികളുടെ ബന്ധുക്കൾ ആരോപിച്ചു.
വെടിനിർത്തൽ പദ്ധതിയുടെ വ്യവസ്ഥകൾ യുഎസ് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോട് അന്ധമായ ചായ്‌വു കാട്ടുകയാണെന്നും ഹമാസ് ആരോപിച്ചു. വെടിനിർത്തലിൽനിന്ന് പലസ്തീൻ സംഘടന പിന്നാക്കം പോകുന്നുവെന്ന ബൈഡന്റെ ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും ഹമാസ് പ്രസ്താവിച്ചു.
അതേസമയം, വെടിനിർത്തൽ ചർച്ചയുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കയ്റോയിലെത്തി. വെടിനിർത്തലിന് യുഎസ് മുന്നോട്ടു വച്ച ഒത്തുതീർപ്പു ശുപാർശകൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അംഗീകരിച്ചെന്നും ഹമാസും അതിനു തയാറാകണമെന്നും ബ്ലിങ്കൻ പറഞ്ഞു. കയ്റോയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി.
ബൈഡൻ ഭരണകൂടത്തിന്റെ ഇസ്രയേൽ പക്ഷപാതത്തിന് എതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവൻഷൻ നടക്കുന്ന ഷിക്കാഗോയിൽ വൻറാലി നടന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 40,173 പലസ്തീൻകാർ കൊല്ലപ്പെട്ടു. 92,857 പേർക്കു പരുക്കേറ്റു.