കമല വരും, പുതിയ അധ്യായം പിറക്കും: ബറാക് ഒബാമ
Mail This Article
ഷിക്കാഗോ ∙ ‘ അന്തരീക്ഷത്തിലെങ്ങും മാന്ത്രികമായ എന്തെല്ലാമോ!’ കയ്യടിയുടെ ആരവം തീരാൻ കാത്തുനിന്നശേഷം മിഷേൽ ഒബാമ ഇതു പറഞ്ഞപ്പോൾ സദസ്സിൽനിന്നു വീണ്ടും ആർപ്പുവിളി. ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷനൽ കൺവൻഷനിലെ താര പ്രസംഗകരായി എത്തിയ യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും പാർട്ടി അനുയായികൾ നൽകിയത് വൻവരവേൽപ്.
പാർട്ടി കൺവൻഷൻ ഇന്നു സമാപിക്കും. പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദേശം സ്വീകരിച്ചുള്ള കമല ഹാരിസിന്റെ മറുപടി പ്രസംഗവും ഇന്നാണ്.
എല്ലാവരിലേക്കും വേഗം പകരുന്ന പ്രതീക്ഷയുടെ മാന്ത്രികതയാണ് ഈ തിരഞ്ഞെടുപ്പിൽ യുഎസിലെങ്ങുമെന്നും മിഷേൽ ചൂണ്ടിക്കാട്ടി. 19–ാം വയസ്സിൽ ഇന്ത്യയിൽനിന്ന് യുഎസിലേക്കു കുടിയേറിയ കമല ഹാരിസിന്റെ അമ്മയെപ്പറ്റിയും മിഷേൽ വാചാലയായി. ചുറ്റുമുള്ളതിനെക്കുറിച്ച് പരാതി പറയാതെ അതു പരിഹരിക്കാൻ എന്തെങ്കിലുമൊന്ന് ചെയ്യൂ എന്നാണ് കമലയെ അമ്മ ഉപദേശിച്ചത്. ‘ഡൂ സംതിങ്’ എന്ന ആഹ്വാനം പ്രസംഗത്തിലുടനീളം മിഷേൽ ആവർത്തിച്ചു.
കമല ഹാരിസിനെ പ്രസിഡന്റായി ലഭിക്കാനും പുതിയ അധ്യായം രചിക്കാനും അമേരിക്ക തയാറാണെന്നു ബറാക് ഒബാമ പറഞ്ഞു. ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ചപ്പോൾ അത് അംഗീകരിച്ച് സദസ്സിൽനിന്ന് കൂക്കിവിളി ഉയർന്നു. ഇതെല്ലാം വോട്ടായി വേണം പ്രതിഫലിക്കാനെന്നും ഒബാമ പറഞ്ഞു.