യുക്രെയ്നിൽ മിസൈൽ വർഷവുമായി റഷ്യ; കീവിനെ ഉലച്ച് സ്ഫോടനങ്ങൾ
Mail This Article
കീവ് ∙ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളുമായി യുക്രെയ്ൻ തലസ്ഥാനം ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കീവ് ഉന്നമിട്ട് 10 ക്രൂസ് മിസൈലുകളും 10 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണും റഷ്യ പ്രയോഗിച്ചത്. ഇവയെല്ലാം യുക്രെയ്ൻ സേന തകർത്തെങ്കിലും കീവിലെമ്പാടും ഇടതടവില്ലാതെ സ്ഫോടനശബ്ദം മുഴങ്ങിയതോടെ ജനം ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് കീവിൽ വിവിധയിടങ്ങളിലായി 3 പേർക്കു പരുക്കേറ്റു. 2 കിൻഡർ ഗാർട്ടനുകൾക്കും കേടുപാടുണ്ടായി. നഗരത്തിൽ പലയിടങ്ങളിലും തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
വേനലവധിക്കു ശേഷം കുട്ടികൾ സ്കൂളിൽ തിരികെയെത്തുന്ന വേളയിലാണ് റഷ്യ പിടിമുറുക്കുന്നത്. ഹർകീവിലും ആക്രമണമുണ്ടായി; പാർപ്പിട സമുച്ചയത്തിനു തീപിടിച്ചു. യുക്രെയ്നിന്റെ പ്രത്യാക്രമണം റഷ്യൻ മേഖലകളിലും നാശമുണ്ടാക്കി. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള ബിൽഗെറെദിലെ മിസൈലാക്രമണത്തിൽ ശിശുസംരക്ഷണകേന്ദ്രം തകർന്നു. മേഖലയിലെ സ്കൂളുകൾ പലതും ഓൺലൈൻ പഠനരീതിയിലേക്കു മാറിയതായി അധികൃതർ അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമായി യുക്രെയ്നിന്റെ 158 ഡ്രോണുകൾ തകർത്തതായി റഷ്യൻ സേന അറിയിച്ചു. ഇതിൽ രണ്ടെണ്ണം മോസ്കോ ലക്ഷ്യമാക്കിയുള്ളതായിരുന്നു.
ഇതിനിടെ, കിഴക്കൻ യുക്രെയ്നിലെ ഡോൺബാസിൽ റഷ്യ അതിവേഗം മുന്നേറുന്നതായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. യുക്രെയ്നിന്റെ 18% ഇപ്പോൾ റഷ്യൻ സേന കയ്യേറിക്കഴിഞ്ഞു. പ്രധാനമായും പൊക്രോവ്സ്ക് നഗരം ലക്ഷ്യമിട്ടാണ് കിഴക്കൻ യുക്രെയ്നിലെ റഷ്യൻ നീക്കം.