പുട്ടിന് അലീനയിൽ 2 ആൺമക്കൾ; രഹസ്യകേന്ദ്രത്തിൽ ആഡംബര ജീവിതം: എല്ലാം പരമരഹസ്യം
Mail This Article
മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് മുൻ ഒളിംപിക് ജിംനാസ്റ്റിക്സ് താരം അലീന കബൈവയിലുണ്ടായ 2 കുട്ടികൾ രഹസ്യകേന്ദ്രത്തിൽ ആഡംബര ജീവിതം നയിക്കുന്നതായി റിപ്പോർട്ട്. ഡോസിയർ സെന്റർ എന്ന അന്വേഷണാത്മക മാധ്യമസ്ഥാപനത്തിന്റെ വെബ്സൈറ്റിലാണ് റിപ്പോർട്ട്. ഐവാൻ (9), വ്ലാഡിമിർ ജൂനിയർ (5) എന്നിവരാണ് പുട്ടിന്റെ രഹസ്യ സന്താനങ്ങൾ.
മോസ്കോയ്ക്ക് വടക്കുപടിഞ്ഞാറുള്ള ലേക് വാൾഡേയിൽ ക്രെംലിൻ ഫെഡറൽ ഗാർഡുകളുടെ സുരക്ഷയിലുള്ള വീട്ടിലാണ് ഇവരുള്ളത്. അധ്യാപകരും ജോലിക്കാരും ഓഫിസർമാരുമല്ലാതെ ആരുമായും ഇവർക്ക് ബന്ധമില്ല. മാതാപിതാക്കളെ ഇവർ കാണുന്നത് വല്ലപ്പോഴും രാത്രിയിൽ മാത്രം. കുട്ടികളുടെ ചിത്രം ഉണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ പ്രസിദ്ധീകരിക്കുന്നില്ലെന്നും വെബ്സൈറ്റ് പറയുന്നു.
പുട്ടിന്റെ മക്കളെക്കുറിച്ച് സർക്കാർ ഡേറ്റ ബേസിൽ ഒന്നും നൽകിയിട്ടില്ല. ഐവാൻ 2015 ൽ സ്വിറ്റ്സർലൻഡിലും വ്ലാഡിമിർ ജൂനിയർ 2019 ൽ മോസ്കോയിലും ജനിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾ ഇംഗ്ലിഷും ജർമനും പഠിക്കുന്നുണ്ട്. സ്കീയിങ് പരിശീലനം നടത്തുന്നുമുണ്ട്. ആൺമക്കളോട് പുട്ടിന് പ്രത്യേക വാത്സല്യമുള്ളതായും റിപ്പോർട്ടിൽ പറയുന്നു.