മിഷേൽ ബാർണ്യേയുടെ പ്രധാനമന്ത്രിപദം: ഫ്രാൻസിൽ വൻ പ്രതിഷേധം
Mail This Article
പാരിസ് ∙ മധ്യവലതുപക്ഷ നേതാവും ‘ബ്രെക്സിറ്റ്’ ചർച്ചകളിൽ മുഖ്യ മധ്യസ്ഥനുമായിരുന്ന മിഷേൽ ബാർണ്യേയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ തീരുമാനത്തിനെതിരെ ഫ്രാൻസിൽ വൻ പ്രതിഷേധം. ഇടതുപാർട്ടികൾ ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ വിവിധ യൂണിയനുകളും വിദ്യാർഥി സംഘടനകളും തെരുവിലിറങ്ങി.
തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടർന്നു 2 മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മിഷേലിനെ പ്രധാനമന്ത്രിയാക്കിയത്. മക്രോയുടെ തീരുമാനം ജനവിധി അട്ടിമറിക്കലാണെന്ന് ഇടതുപക്ഷം ആരോപിച്ചു. കൂടുതൽ സീറ്റ് നേടിയ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഫ്പി) നേതാക്കളെ പരിഗണിക്കാത്ത തീരുമാനം ശരിയല്ലെന്ന് സ്വതന്ത്ര ഏജൻസി നടത്തിയ സർവേയിൽ 74% പേർ അഭിപ്രായപ്പെട്ടു. ഒക്ടോബറിൽ ബജറ്റ് അവതരിപ്പിക്കാനിരിക്കെ വലിയ പ്രതിസന്ധിയാണ് ഫ്രാൻസിലെ ഭരണപക്ഷം നേരിടുന്നത്.