ബംഗ്ലദേശ് സൈന്യത്തിന് രണ്ടുമാസത്തേക്ക് ജുഡീഷ്യൽ അധികാരം
Mail This Article
ധാക്ക ∙ കലാപത്തെ തുടർന്ന് താറുമാറായ ക്രമസമാധാനം മെച്ചപ്പെടുത്താൻ ബംഗ്ലദേശിലെ ഇടക്കാല സർക്കാർ കരസേനയ്ക്ക് 2 മാസത്തേക്ക് ജുഡീഷ്യൽ അധികാരം നൽകി. സൈന്യം അച്ചടക്കമുള്ള ജനസൗഹൃദ സേനയാണെന്നും സാധാരണക്കാർക്ക് അവരുമായി ആശയവിനിമയം നടത്തുന്നതിനും സഹായം സ്വീകരിക്കുന്നതിനും ഒരു പ്രശ്നവുമില്ലെന്നും സർക്കാരിന്റെ ആഭ്യന്തരകാര്യ ഉപദേശകൻ ലഫ്റ്റനന്റ് ജനറൽ ജഹാംഗീർ ആലം ചൗധരി പറഞ്ഞു. നിയമവിരുദ്ധ റാലികൾ തടയാനും പിരിച്ചുവിടാനും സ്വയരക്ഷയ്ക്ക് തോക്കുപയോഗിക്കാനും അധികാരമുണ്ടെങ്കിലും ഒരു സൈനികോദ്യോഗസ്ഥനും ഇതു ദുരുപയോഗം ചെയ്യുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ബംഗ്ലദേശ് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി യുഎസിൽ പ്രഫസറായി സേവനമനുഷ്ഠിക്കുന്ന അലി റിയാസിനെ നിയമിച്ച് ഇടക്കാല സർക്കാർ ഉത്തരവായിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകൻ ഷഹ്ദീൻ മാലിക്കിനു പകരമാണു നിയമനം.