പൊട്ടിത്തെറി ഭീതി: ലബനനിൽ മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നു
Mail This Article
ബെയ്റൂട്ട് ∙ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ പേജർ, വോക്കി ടോക്കി ആക്രമണങ്ങളിൽ പരിഭ്രാന്തരായി ബെയ്റൂട്ടിൽ ആളുകൾ മൊബൈൽ ഫോണുകൾ ഉപേക്ഷിക്കാൻ തുടങ്ങി. വിമാനയാത്രയിൽ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതു ലബനൻ വ്യോമയാന വകുപ്പ് വിലക്കി. ലബനൻ സായുധസേന കൈവശമുള്ള വയർലെസ് സൈറ്റുകൾ നശിപ്പിക്കാൻ തുടങ്ങി.
അതേസമയം, വോക്കി ടോക്കിയിൽ ബോംബ് സ്ഥാപിക്കാൻ നിർമാണഘട്ടത്തിൽ സാധ്യമല്ലെന്ന് ഉൽപാദകരായ ജപ്പാൻ കമ്പനി ഐകോം പ്രസ്താവിച്ചു. അങ്ങേയറ്റം ഓട്ടമാറ്റിക് സംവിധാനത്തിൽ വേഗത്തിലാണു നിർമാണം. ഇതിനിടെ ബോംബ് അതിനുള്ളിൽ വയ്ക്കാൻ വഴിയില്ലെന്ന് ഐകോം ഡയറക്ടർ യോഷികി ഇനാമോട്ടോ കമ്പനി ആസ്ഥാനമായ ഒസാകയിൽ അറിയിച്ചു. ലബനനിൽ പൊട്ടിത്തെറിച്ച മോഡലിന്റെ ഉൽപാദനം ഒരു ദശകം മുൻപേ നിർത്തിയതാണെന്നും കമ്പനി പറഞ്ഞു.
പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയതായി ബൾഗേറിയ അറിയിച്ചു. സോഫിയ ആസ്ഥാനമായ നോർട്ട ഗ്ലോബൽ ലിമിറ്റഡാണു ലബനനിൽ പൊട്ടിത്തെറിച്ച പേജറുകൾ ലഭ്യമാക്കിയതെന്നു ബൾഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സർക്കാരിന്റെ പ്രസ്താവനയിൽ കമ്പനിയുടെ പേരെടുത്തു പറഞ്ഞിട്ടില്ല. തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോ പേജറുകൾ നിർമിച്ചതു ബുഡാപെസ്റ്റ് ആസ്ഥാനമായ ബാക് കൺസൽറ്റിങ് ആണെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, വിൽപന നടത്തിയത് നോർട്ടയാണെന്നും മാധ്യമ റിപ്പോർട്ടുണ്ട്.
ഇസ്രയേൽ നേതാക്കളെ വധിക്കാൻ ഗൂഢാലോചന : ഒരാൾ അറസ്റ്റിൽ
ജറുസലം ∙ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടക്കം ഉന്നതനേതാക്കളെ വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു ഇസ്രയേൽ പൗരൻ അറസ്റ്റിലായെന്ന് സുരക്ഷാ ഏജൻസികൾ വെളിപ്പെടുത്തി. തുർക്കി ബന്ധമുള്ള ബിസിനസുകാരനാണു കഴിഞ്ഞയാഴ്ച പിടിയിലായത്.
പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി എന്നിവരിൽ ആരെയെങ്കിലും വധിക്കാനായിരുന്നു പദ്ധതിയെന്നും ഇതിനായി ടെഹ്റാനിൽ നടന്ന 2 യോഗങ്ങളിൽ അറസ്റ്റിലായ വ്യക്തി പങ്കെടുത്തതായും പറയുന്നു. മുൻ പ്രതിരോധമന്ത്രി മാഷോ യാലോനെ വധിക്കാനുള്ള ഹിസ്ബുല്ല പദ്ധതി കണ്ടെത്തിയെന്നും ഇസ്രയേൽ പറഞ്ഞിരുന്നു.