സിംഗപ്പൂർ മുൻമന്ത്രി ഈശ്വരന്റെ ശിക്ഷാവിധി അടുത്തമാസം
Mail This Article
സിംഗപ്പൂർ ∙ റിയൽ എസ്റ്റേറ്റ് വമ്പനായ ഓങ് ബെങ് സെങ് ഉൾപ്പെടെയുള്ളവരിൽനിന്ന് വിസ്കിയും ഫുട്ബോൾ കളി കാണാനുള്ള ടിക്കറ്റും ഉൾപ്പെടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ കേസിൽ ഇന്ത്യൻ വംശജനായ സിംഗപ്പൂർ മുൻ മന്ത്രി എസ്. ഈശ്വരൻ കുറ്റം സമ്മതിച്ചു. ഒക്ടോബർ മൂന്നിനു ശിക്ഷാവിധി പറയും. ഈശ്വരൻ ആവശ്യപ്പെട്ടതനുസരിച്ചു പാരിതോഷികങ്ങൾ എത്തിച്ചുകൊടുത്ത ഓങ് ബെങ് സെങ്, നിർമാണക്കമ്പനി മേധാവി ലം കോക് സെങ്ങും തുടങ്ങിയവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
2022 ൽ നടന്ന സിംഗപ്പൂർ ഗ്രാൻപ്രിക്കുള്ള ഉയർന്ന നിരക്കിലെ ടിക്കറ്റുകൾ ഈശ്വരൻ അന്ന് ഗ്രാൻപ്രിയുടെ മുഖ്യ ഓഹരിയുടമയായ ഓങ്ങിൽനിന്നു സ്വന്തമാക്കിയിരുന്നു. ഖത്തറിലേക്കുള്ള ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ്, ആഡംബര ഹോട്ടലിലെ താമസം എന്നിങ്ങനെ ആനുകൂല്യങ്ങളും കൈപ്പറ്റി. മന്ത്രി ആവശ്യപ്പെട്ട് 2021ൽ നിർമാണക്കമ്പനി മേധാവി വിസ്കിയും വൈനും എത്തിച്ചുകൊടുത്തതും കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് ഈശ്വരൻ മന്ത്രിസ്ഥാനം രാജിവച്ചത്. കേസുകൾ അഴിമതിവിരുദ്ധ നടപടികൾക്കു പേരുകേട്ട സിംഗപ്പൂരിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.