യുഎസിന്റെ നിർദേശം തള്ളി ആക്രമണം തുടർന്ന് ഇസ്രയേൽ; കരയുദ്ധത്തിന് ഒരുങ്ങുന്നതായി സൂചന
Mail This Article
ബെയ്റൂട്ട് ∙ യുഎസിന്റെ വെടിനിർത്തൽ നിർദേശം വകവയ്ക്കാതെ, ഇസ്രയേൽ ലബനനിൽ ആക്രമണം തുടരുന്നു. 75 ഇടങ്ങളിൽ ഇന്നലെ ആക്രമണം നടത്തിയ ഇസ്രയേൽ, കരയിലൂടെയുള്ള സൈനികനീക്കത്തിനു മടിക്കില്ലെന്നു മുന്നറിയിപ്പു നൽകി. അതേസമയം, ഹിസ്ബുല്ല തൊടുത്ത 45 റോക്കറ്റുകൾ അവർ നിർവീര്യമാക്കി.
പുരാതന നഗരമായ ബാൽബെക്കിനടുത്തു നടത്തിയ ആക്രമണത്തിൽ സിറിയൻ തൊഴിലാളികളടക്കം 23 പേർ കൊല്ലപ്പെട്ടു. ഇവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിങ്കളാഴ്ച മുതലുള്ള ആക്രമണങ്ങളിൽ മാത്രം 630 പേരാണു കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയ്ക്ക് ആയുധങ്ങൾ എത്തിക്കുന്നതു തടയാൻ സിറിയ–ലബനൻ അതിർത്തിയിലെ പാലമടക്കം ഇസ്രയേൽ പോർവിമാനങ്ങൾ തകർത്തു.
സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള നയതന്ത്രനീക്കങ്ങൾക്കു കളമൊരുക്കാൻ 21 ദിവസത്തെ അടിയന്തര വെടിനിർത്തൽ വേണമെന്ന് യുഎസും യുകെയും അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച യുഎന്നിനെ അഭിസംബോധന ചെയ്യാനിരിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഈ നിർദേശത്തോടു പ്രതികരിച്ചിട്ടില്ലെങ്കിലും വിജയം വരെ പോരാടുമെന്നു വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഹിസ്ബുല്ലയുമായി സ്ഥിരം വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഭരണസഖ്യം വിടുമെന്നു തീവ്ര വലതു നേതാവും സുരക്ഷാമന്ത്രിയുമായ ഇതാമർ ബെൻ വിർ ഭീഷണിയുയർത്തി. അങ്ങനെ വന്നാൽ നെതന്യാഹു സർക്കാർ നിലംപതിക്കും. ഗാസയിൽ വെടിനിർത്തലുണ്ടാകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഹിസ്ബുല്ല.
ലബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിലവിലുള്ളവർ കഴിയുംവേഗം രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി പൗരൻമാരോട് ആവശ്യപ്പെട്ടു. ഇതേസമയം, ഗാസ മുനമ്പിൽ ഇസ്രയേൽ – ഹമാസ് പോരാട്ടത്തിനിടെ 31 പലസ്തീൻകാർ കൊല്ലപ്പെട്ടു. ദെയറൽ ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. അഭയാർഥി ക്യാംപായി പ്രവർത്തിക്കുന്ന സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 14 പേരാണു കൊല്ലപ്പെട്ടത്.
പേജർ സ്ഫോടനം: തയ്‌വാനിൽ ചോദ്യംചെയ്യൽ
തായ്പേയ് ∙ ലബനനിലെ പേജർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിൽ 4 സാക്ഷികളെ തയ്‌വാനിൽ അധികൃതർ ചോദ്യം ചെയ്തു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു നടന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ട പേജറുകൾ നിർമിച്ചതു തയ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോയാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, കമ്പനി ആരോപണം നിഷേധിച്ചു.