ADVERTISEMENT

പ്രിയപ്പെട്ട വായനക്കാരേ, പൗരന്മാരേ, സഹമനുഷ്യരേ,
ഒരിക്കലും ആവർത്തിക്കില്ലെന്ന് നാം ഒരിക്കൽ പ്രതീക്ഷിച്ച വിധത്തിൽ നമ്മുടെ ആധുനിക സമൂഹങ്ങളെ പരീക്ഷിക്കുകയാണ് 2024.
ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഏകാധിപതികളാകാൻ കൊതിക്കുന്നവരും സ്വേച്ഛാധിപത്യം ആഗ്രഹിക്കുന്നവരും അതിർത്തികൾക്കും വംശങ്ങൾക്കും മതങ്ങൾക്കും അതീതമായി സ്വാതന്ത്ര്യത്തിനു വിഘാതം സൃഷ്ടിച്ചിട്ടുണ്ട്. ആധുനിക സംഘർഷങ്ങൾ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നു, അവ അതിന്റെ വ്യാപ്തിയിലും ശക്തിയിലും അമിതമായ ഒരു വിവര വ്യാപനത്തിലാണ് പോരാട്ടം നടക്കുന്നത്. പുതിയ സാങ്കേതികവിദ്യകളും അവ പ്രാപ്തമാക്കുന്ന ഇടങ്ങളും നമ്മുടെ ഭാവി തീരുമാനിക്കുന്ന യുദ്ധക്കളങ്ങളാണ്- പലപ്പോഴും നമ്മുടെ അനുമതിയില്ലാതെയും നമ്മുടെ ഇഷ്ടത്തിന് വിരുദ്ധമായും.

ഈ കുഴമറിഞ്ഞ സാഹചര്യത്തിൽ, നമ്മുടെ നാഗരികത കെട്ടിപ്പടുത്ത സ്വയം പ്രകാശിതമായ മൂല്യങ്ങളെ സംരക്ഷിക്കേണ്ടത്, വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിശ്വസനീയമായ വാർത്താ മാധ്യമങ്ങളുടെ ആജീവനാന്ത കടമയാണ്. ലോകമെമ്പാടും, നമ്മുടെ പ്രേക്ഷകരുമായും സമൂഹവുമായുമുള്ള ഈ പവിത്രമായ ബന്ധത്തെ ബഹുമാനിക്കേണ്ടത് പത്രപ്രവർത്തകരാണ്. പകരമായി, പങ്കിട്ട സത്യത്തിന്റെ സന്തോഷം ഞങ്ങൾ അനുഭവിക്കുന്നു, നിങ്ങളോടൊപ്പം.

വാർത്തകൾ ജീവൻ രക്ഷിക്കുകയും ആളുകൾക്കിടയിൽ ധാരണ മെച്ചപ്പെടുത്തുകയും ദുഷ്കരമായ സമയങ്ങളിൽ നമ്മെ നയിക്കുകയും ചെയ്യുന്ന ഈ സവിശേഷ നിമിഷങ്ങൾ പലപ്പോഴും തെറ്റായ വിവരങ്ങളുടെ ഹിമപാതത്തിൽ നഷ്ടപ്പെടുന്നു; ഒരുമിച്ച് ജീവിക്കാനുള്ള നമ്മുടെ കഴിവിന്റെ അടിത്തറയായ വിശ്വാസത്തെ നശിപ്പിക്കുന്നു. സത്യത്തിന്റെ അർഥം പോലും ആക്രമിക്കപ്പെടുന്നു.

പത്രപ്രവർത്തനം എല്ലായിടത്തും, നമ്മുടെ സ്വന്തം സമൂഹങ്ങളിൽ അതിനുള്ള പ്രസക്തിയും നിലനിൽപ്പും തുടരാൻ പാടുപെടുകയാണ്. നമ്മുടെ നിരവധി വാർത്താ സ്ഥാപനങ്ങൾക്ക്, ദൈനംദിന നിലനിൽപ്പു തന്നെ അതിജീവനത്തിനായുള്ള പോരാട്ടത്തിന് തുല്യമാണ്. ഇതെല്ലാം സാധ്യമാക്കിയ ജനങ്ങൾ, നാഗരികത, ജനാധിപത്യം എന്നിവയെക്കുറിച്ച് കരുതലുള്ള ഓരോ ആത്മാവിനെയും ആശങ്കപ്പെടുത്തുന്ന അസാധാരണമായ സമയമാണിത്. എന്നിട്ടും, ഈ വിഷമകരമായ ദിവസങ്ങൾ ഒരേ സമയം ആവേശകരവും തിളക്കമാർന്നതുമാണ്.

വ്യവസ്ഥകൾ തകരുകയും അടിസ്ഥാന സത്യങ്ങൾ സമ്മർദത്തിലാകുകയും ചെയ്യുന്ന നിമിഷങ്ങളിൽ, ലോകത്തിലെ വാർത്താ മാധ്യമങ്ങളായ നമ്മൾ, തെറ്റായ വിവര പ്രചാരണങ്ങളെയും നിരന്തരമായ ആക്രമണങ്ങളെയും നുണകളുടെ വെള്ളപ്പൊക്കത്തെയും നേരിടാൻ കഴിയുന്ന ഉറപ്പുള്ള സത്തുള്ളവരാണെന്നു കാണിച്ചുകൊടുക്കണം. ബിഗ് ടെക്കിന്റെ സമ്മർദത്തിൽ നമ്മുടെ വിപണന മാതൃകകൾ തകർന്നു. സത്യം തന്നെ അനുദിനം ആപേക്ഷികവൽക്കരിക്കപ്പെടുന്നു; ഒരിക്കൽ ഭൗതിക യാഥാർഥ്യത്തെക്കുറിച്ചു പൊതുവായുണ്ടായിരുന്ന ധാരണ ഇന്ന് പലപ്പോഴും വസ്തുതയില്ലാത്ത വ്യാഖ്യാനത്താൽ മാറ്റിസ്ഥാപിക്കപ്പെടുന്നു. പല സന്ദർഭങ്ങളിലും, സത്യം എന്ന വാക്കിന്റെ രൂപം തന്നെ, നുണ എന്നതിന്റെ അർഥം പേറുന്നു.

ഇവ യാദൃച്ഛികവും ആകസ്മികവുമായ ആക്രമണങ്ങളല്ല. ഇവയെല്ലാം നമ്മുടെ മൂല്യവ്യവസ്ഥയ്ക്കെതിരായ, നല്ലതും ചീത്തയും എന്താണെന്നതിനെക്കുറിച്ചുള്ള നമ്മുടെ അടിസ്ഥാന ധാരണയ്ക്കെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമാണ്. നമ്മുടെ മൂല്യവ്യവസ്ഥയില്ലാതെ നമുക്ക് ശരിയും തെറ്റും വേർതിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, നമുക്ക് ഒരു നാഗരികതയും ഇല്ല.

വാർത്തകൾ, വസ്തുതകൾ, ഉത്തരവാദിത്തം, പൊതുസേവനം, മാനവികത, സൂക്ഷ്മപരിശോധന, സ്വാതന്ത്ര്യം, ധാർമികത, സമൂഹം എന്നിവയോടുള്ള ഞങ്ങളുടെ അനന്തമായ പ്രതിബദ്ധതയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പ് നൽകാൻ ഈ സെപ്റ്റംബർ 28നു ലോക വാർത്താദിനത്തിൽ, ഞങ്ങൾ ലോകമെമ്പാടുമുള്ള വാർത്താ മാധ്യമ സംഘടനകൾ കൈകോർക്കുന്നു. ഈ വാക്കുകൾക്ക് ആഴത്തിലുള്ള അർഥമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവ പ്രധാനമാണ്.

നമുക്കു മുന്നിൽ ഒരേയൊരു വഴിയേയുള്ളൂ: ‍ഞങ്ങൾ, വാർത്താ മാധ്യമങ്ങൾ ഞങ്ങളുടെ പവിത്രമായ കടമ നിർവഹിക്കുന്നത് തുടരും. ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ വസ്തുതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഞങ്ങൾ സത്യത്തെ സംരക്ഷിക്കും.
പ്രിയ വായനക്കാരേ, അത് അങ്ങനെ തന്നെ നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യമെന്നും ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ തളരുകയില്ല, പിന്മാറുകയുമില്ല. സത്യത്തിനായുള്ള പോരാട്ടം നമ്മുടെ പൊതു ഭാവിക്കായുള്ള പോരാട്ടമാണ്.

ചരിത്രത്തിന്റെ ഈ വിഷമഘട്ടത്തിൽ എല്ലായിടത്തുമുള്ള നമ്മുടെ സഹപ്രവർത്തകരോടുമായി പറയട്ടെ: നിരാശപ്പെടരുത്. നിങ്ങൾ ഒറ്റയ്ക്കല്ല. നമ്മുടെ ദൗത്യം നമ്മെ എല്ലാവരെയും ബന്ധിപ്പിക്കുന്നു. ബഹളങ്ങളും അക്രമവും ഒടുവിൽ കുറയുകയും സത്യത്തെയും മാന്യതയെയും അടിസ്ഥാനമാക്കിയുള്ള സംവാദം തിരിച്ചുവരികയും ചെയ്യും. ഇത് ഉടൻ സംഭവിക്കാനിടയില്ല, പക്ഷേ അത് ഒടുവിൽ സംഭവിക്കും.
തൽക്കാലം ഞങ്ങൾ പോരാടുന്നു. ഓരോ ദിവസത്തെയും ഓരോ മണിക്കൂറിലെയും ഓരോ നിമിഷവും.

2024ലെ ഈ ലോക വാർത്താ ദിനത്തിൽ, നമ്മൾ എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കാം. ഒപ്പം നമ്മുടെ യഥാർഥ മാർഗതാരകമായ വായനക്കാരുമായി പങ്കിട്ട സത്യത്തിന്റെ സന്തോഷം നിലനിർത്താൻ സഹായിക്കാം.

(ഡെയ്‌ലി മാവെറിക് എഡിറ്റർ ഇൻ ചീഫും ചൂസ് ട്രൂത്ത് ക്യാംപെയ്നിന്റെ തുടക്കക്കാരനുമാണ് ബ്രാങ്കോ ബ്രിക്കിക്. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ മരിയ റെസ്സ ഫിലിപ്പീൻസിലെ റാപ്ലർ ഡോട്ട് കോമിന്റെ സിഇഒയാണ്)
 

English Summary:

Defending Our Collective Future: A World News Day Call to Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com