ADVERTISEMENT

ജറുസലം ∙ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. നസ്റല്ല സുരക്ഷിതനാണെന്നാണു റിപ്പോർട്ട്.

ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്കു പരുക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്. 

അതിർത്തിനഗരമായ ഷെബായിൽ ഇന്നലെ പുലർച്ചെ 3ന് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇതിൽ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേരും ഉൾപ്പെടുന്നു. തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ എഴുനൂറോളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ലബനനിൽനിന്ന് 90,000 പേർ പലായനം ചെയ്തതായി യുഎൻ വ്യക്തമാക്കി. 

തെക്കൻ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടസമുച്ചയത്തിനു സമീപം തിരച്ചിൽ നടത്തുന്നവർ. ചിത്രം: റോയിട്ടേഴ്സ്
തെക്കൻ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടസമുച്ചയത്തിനു സമീപം തിരച്ചിൽ നടത്തുന്നവർ. ചിത്രം: റോയിട്ടേഴ്സ്

ലബനനിലെ വെടിനിർത്തൽ നിർദേശത്തെക്കുറിച്ച് ഇസ്രയേൽ ചർച്ച തുടരുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. സ്ഥിതി ഇനിയും വഷളായാൽ ഇരുപക്ഷത്തും പലായനം ചെയ്ത ജനങ്ങൾക്കു വീടുകളിലേക്കു തിരിച്ചെത്തുക പ്രയാസകരമാകുമെന്ന് യുഎസ് മുന്നറിയിപ്പു നൽകി. വെടിനിർത്തൽ ആവശ്യം വെള്ളിയാഴ്ച ഇസ്രയേൽ വിദേശകാര്യമന്ത്രി തള്ളിയിരുന്നു.

ഇന്നലെ തെക്കൻ ഇസ്രയേലിലേക്കു ഹിസ്ബുല്ല 10 റോക്കറ്റുകൾ തൊടുത്തെങ്കിലും ആളപായമില്ല. ഇസ്രയേൽ തീരനഗരങ്ങളായ ടെൽഅവീവ്, അഷ്‌കെലോൺ എന്നിവ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു. സിറിയയിലെ കഫർ യാബൂസിലെ സൈനികകേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ 5 സിറിയൻ സൈനികരും കൊല്ലപ്പെട്ടു. 

ഗാസയിൽ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് കിഴക്കൻ ലബനൻ–ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചത്. 11 മാസത്തിനിടെ ലബനൻ അതിർത്തിയിൽനിന്ന് 2 ലക്ഷത്തിലേറെപ്പേരാണു പലായനം ചെയ്തതെന്ന് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ റിപ്പോർട്ട് ചെയ്തു. 

English Summary:

Mass Death in Lebanon Over the Past Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com