ചെലവു കുറയ്ക്കാൻ ഒന്നര ലക്ഷം ജോലി നിർത്തലാക്കി പാക്കിസ്ഥാൻ
Mail This Article
ഇസ്‍ലാമാബാദ് ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ഭരണച്ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നര ലക്ഷം സർക്കാർ ജോലികൾ നിർത്തലാക്കി. ആറു മന്ത്രാലയങ്ങൾ അടയ്ക്കുകയും രണ്ടെണ്ണം ഒന്നിപ്പിക്കുകയും ചെയ്തു. രാജ്യാന്തര നാണ്യനിധിയിൽ (ഐഎംഎഫ്) നിന്ന് 700 കോടി ഡോളർ വായ്പ ലഭിക്കുന്നതിനുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായാണിത്.
കടം തിരിച്ചടവു മുടങ്ങുന്നതിന്റെ വക്കിലെത്തിയ പാക്കിസ്ഥാനെ 2023ൽ 300 കോടി ഡോളർ അടിയന്തര സഹായം നൽകി ഐഎംഎഫ് രക്ഷിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ വായ്പയ്ക്ക് പാക്കിസ്ഥാൻ അപേക്ഷിച്ചു. ഈ മാസം 26ന് 700 കോടി ഡോളർ വായ്പയ്ക്ക് സാമ്പത്തിക പരിഷ്കരണ നിബന്ധനകളോടെ അനുമതി നൽകിയ ഐഎംഎഫ് അതിൽ 100 കോടി ഡോളർ നൽകുകയും ചെയ്തു. നികുതി വരുമാനം കൂട്ടുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് ഐഎംഎഫുമായി ചർച്ചയ്ക്കുശേഷം മടങ്ങിയെത്തിയ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു.