സിംഗപ്പൂർ മുൻമന്ത്രിക്ക് ഒരു വർഷം തടവ്
Mail This Article
സിംഗപ്പൂർ ∙ അനധികൃതമായി സമ്മാനങ്ങൾ സ്വീകരിച്ച കേസിൽ സിംഗപ്പൂർ മുൻ മന്ത്രി എസ്. ഈശ്വരന് (78) കോടതി ഒരു വർഷത്തെ ജയിൽശിക്ഷ വിധിച്ചു. അഴിമതിരഹിത ഭരണത്തിനു പേരുകേട്ട സിംഗപ്പൂരിൽ ഇതാദ്യമായാണ് മുൻ മന്ത്രിക്ക് ജയിൽശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിൽ കൂടുതൽ ശിക്ഷ കോടതി വിധിച്ചെന്ന അപൂർവതയുമുണ്ട്.
13 വർഷത്തോളം വാണിജ്യ, വാർത്താവിനിമയ മന്ത്രിയായിരുന്ന ഈശ്വരൻ 3,00,000 ഡോളറിന്റെ (ഏകദേശം 2.52 കോടി രൂപ) സമ്മാനങ്ങൾ കൈപ്പറ്റുകയും നീതി നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കുറ്റം. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ, സിംഗപ്പൂർ ഫോർമുല വൺ ഗ്രാൻഡ് പ്രീ, ലണ്ടൻ മ്യൂസിക്കൽ എന്നിവയ്ക്ക് ഒരു വ്യവസായിയിൽ നിന്ന് ടിക്കറ്റ് നേടുകയും സ്വകാര്യ ജെറ്റ് വിമാനത്തിൽ യാത്രാനുകൂല്യം നേടുകയും ചെയ്തത് ഉൾപ്പെടെ 35 ആരോപണങ്ങളാണ് മന്ത്രിക്കെതിരെയുള്ളത്. 7 മാസത്തെ തടവുശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.