ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമായിരുന്ന ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു വിട്ടുനൽകാൻ ഉടമ്പടിയായി. പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിനാണ് ഇതോടെ അവസാനമായത്. തീരുമാനത്തിന് യുഎസിന്റെയും ഇന്ത്യയുടെയും പിന്തുണയുണ്ടെന്ന് ബ്രിട്ടിഷ്, മൊറീഷ്യസ് പ്രതിനിധികൾ അറിയിച്ചു. ഈ ഉടമ്പടിയോടെ മൊറീഷ്യസിന്റെ കോളനികാലം പൂർണമായി ഒഴിഞ്ഞെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് പറഞ്ഞു.

ഏകദേശം 60 ദ്വീപുകൾ ചേർന്നതാണ് ഷാഗോസ്. ഇതിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർസ്യ ബ്രിട്ടന്റെ ഉടമസ്ഥതയിൽ തുടരുമെന്നും ഉടമ്പടിയിലുണ്ട്. ഇവിടെ യുഎസിന്റെയും ബ്രിട്ടന്റെയും സംയുക്ത നാവിക– വ്യോമ താവളമുണ്ട്.

1814 മുതൽ ബ്രിട്ടനാണ് ഷാഗോസ് ദ്വീപുകളും മൊറീഷ്യസും ഭരിച്ചിരുന്നത്. 1965 ൽ അവർ മൊറീഷ്യസിനെയും ഷാഗോസ് ദ്വീപുകളെയും രണ്ടായി വിഭജിച്ചു. 1968 ൽ മൊറീഷ്യസിനു സ്വാതന്ത്ര്യം നൽകി. ഷാഗോസ് ദ്വീപുകൾ ‘ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി’ എന്ന പേരിൽ കൈവശം വച്ചു.

എഴുപതുകളുടെ തുടക്കത്തിൽ ഷാഗോസിയൻസ് എന്നറിയപ്പെടുന്ന ഇവിടത്തെ രണ്ടായിരത്തോളം നാട്ടുകാരെ ഡീഗോ ഗാർസ്യ സൈനികത്താവളം നിർമിക്കുന്നതിനായി മൊറീഷ്യസിലേക്കും സെയ്ഷൽസിലേക്കും മാറ്റി. 17–ാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും അടിമകളാക്കി ദ്വീപിലെത്തിച്ചവരുടെ പിന്മുറക്കാരാണ് ഇവർ. ഷാഗോസ് ദ്വീപുകളിൽ ഡീഗോ ഗാർസ്യ ഒഴിച്ചുള്ളവയിൽ നിലവിൽ മനുഷ്യവാസമില്ല.

2019 ൽ രാജ്യാന്തര നീതിന്യായ കോടതി ബ്രിട്ടനോട് ഷാഗോസ് ദ്വീപ് മൊറീഷ്യസിനു തിരിച്ചുകൊടുക്കണമെന്നു നിർദേശിച്ചിരുന്നു. പുതിയ ഉടമ്പടിയോടെ ഷാഗോസിയൻസിന്റെ പിന്മുറക്കാർക്ക് ഡീഗോ ഗാർസ്യ ഒഴിച്ചുള്ള ദ്വീപുകളിലേക്ക് തിരിച്ചുവരാം.

English Summary:

UK to hand Chagos Islands to Mauritius

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com