ADVERTISEMENT

ബ്യൂനസ്ഐറിസ് ∙ ഇംഗ്ലിഷ് ഐറിഷ് പോപ് ബാൻഡായ വൺ ഡയറക്‌ഷന്റെ (1ഡി) താര ഗായകൻ ലിയം പെയിൻ (31) അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു ചാടി മരിച്ചു. കാസ സർ ഹോട്ടലിൽ അദ്ദേഹം താമസിച്ച മുറിയിൽനിന്നു ലഹരിവസ്തുക്കൾ കണ്ടെടുത്തു. ടിവിയും ഫർണിച്ചറും അടിച്ചു തകർത്ത നിലയിലാണ്.

വിഭ്രാന്തി പ്രകടിപ്പിച്ച പെയ്ൻ മുറിക്കുള്ളിൽ അക്രമം നടത്തുന്നതായി ഹോട്ടൽ ജീവനക്കാർ അറിയിച്ചതനുസരിച്ചു പൊലീസെത്തുമ്പോഴേക്കും ബാൽക്കണിയിൽ നിന്നു താഴേക്കു ചാടുകയായിരുന്നെന്നു ബ്യൂനസ്ഐറിസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ പാബ്ലോ പോളിചിക്കിയോ പറഞ്ഞു. 

ബ്രിട്ടിഷ് വംശജനായ പെയിൻ 2023 ജൂലൈയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ താൻ 6 മാസത്തെ ചികിത്സയിലൂടെ ശാന്തനായെന്നു വെളിപ്പെടുത്തിയിരുന്നു. ലോകമെമ്പാടും ആരാധകരുള്ള പെയിന്റെ മരണവാർത്തയറിഞ്ഞു നൂറുകണക്കിനു പേർ ഹോട്ടലിനു മുന്നിലെത്തി. വിതുമ്പിയും മെഴുകുതിരികൾ കത്തിച്ചും പൂക്കളർപ്പിച്ചും അവർ ദുഃഖം രേഖപ്പെടുത്തി. 

ബ്രിട്ടിഷ് സംഗീതമത്സരമായ എക്സ് ഫാക്ടറിൽ 2008 ൽ പങ്കെടുത്തു പരാജയപ്പെട്ട പെയിൻ അടക്കമുള്ള 5 പേർ ചേർന്നു രൂപീകരിച്ചതാണ് വൺ ഡയറക്‌ഷൻ ബാൻഡ്. പ്രേമാതുരഗാനങ്ങൾ പോപ് ശൈലിയിൽ ആലപിച്ച് ലോകമെങ്ങും ആരാധകരെ നേടി. ബിൽബോർഡ് ചാർട്ടിൽ പല തവണ ടോപ് 10 പട്ടികയിൽ ഇടം നേടിയശേഷം 2016 ൽ ബാൻഡ് പിരിച്ചുവിട്ടു. 2017 ൽ ഒറ്റയ്ക്ക് അവതരിപ്പിച്ച സ്ട്രിപ് ദാറ്റ് ഡൗൺ എന്ന പാട്ടിലൂടെ പെയിൻ ബിൽ ബോർഡ് ടോപ് 10 പട്ടികയിൽ തിരിച്ചെത്തി. സംഗീത സംവിധായികയും എക്സ് ഫാക്ടർ മുൻ ജ‍ഡ്ജുമായ ചെറിൽ കോളുമായുള്ള ബന്ധത്തിൽ 7 വയസ്സുള്ള മകനുണ്ട്. 

English Summary:

English pop singer Liam Payne died after jumping from hotel building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com