ADVERTISEMENT

ജറുസലം ∙ ഹമാസ് ഉന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടത് മറ്റ് ആക്രമണങ്ങൾക്കിടെ യാദൃച്ഛികമായി സംഭവിച്ചതെന്ന് റിപ്പോർട്ട്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമായ ആസൂത്രണത്തിലൂടെയാണ് കഴിഞ്ഞകാലങ്ങളിൽ ഹമാസ് ഉന്നതരെ ഇസ്രയേൽ ഇല്ലാതാക്കിയിരുന്നത്. എന്നാൽ, ഇസ്രയേലിന്റെ ചാരക്കണ്ണുകൾ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവർഷം സിൻവർ യുദ്ധഭൂമിയിൽ കഴിഞ്ഞത്. സിൻവറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടനുണ്ടാകുമെന്ന് ഇസ്രയേൽ പ്രതീക്ഷിക്കുന്നു. നേതൃനിര ശൂന്യമായതോടെ ഹമാസിന്റെ അടുത്ത നീക്കം എന്താകുമെന്നും എല്ലാവരും ഉറ്റുനോക്കുന്നു.

തെക്കൻ ഗാസയിൽ ഖാൻ യൂനിസിലെ അഭയാർഥിക്യാംപിൽ 1962ലാണ് യഹ്യ സിൻവർ ജനിച്ചത്. 1948ൽ ഇസ്രയേൽ രൂപീകൃതമായപ്പോൾ ആഷ്കെലോൻ ആയിത്തീർന്ന മജ്‌ദൽ അസ്കലമിൽനിന്നുള്ള അഭയാർഥികളായിരുന്നു സിൻവറിന്റെ കുടുംബം.

ഇസ്രയേൽ സൈനികരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ 1988ൽ അറസ്റ്റിലായി. 22 വർഷം ഇസ്രയേൽ ജയിലിൽ കഴിഞ്ഞു. തടവുകാരുടെ കൈമാറ്റത്തിലൂടെ 2011ൽ മോചിതനായി. രണ്ടുദശകത്തിലേറെ നീണ്ട ജയിൽജീവിതം സിൻവറിന്റെ പോരാട്ടവീര്യം ഉയർത്തി. സായുധസമരമല്ലാതെ പലസ്തീൻകാർക്കു മറ്റുവഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.

ജയിൽവാസത്തിനിടെ ഹീബ്രുവിൽ പരിജ്ഞാനം നേടി. ഇസ്രയേൽ നേതാക്കളുടെ മനസ്സ് പഠിക്കാൻ ഹീബ്രൂ പഠനം സഹായിച്ചെന്ന് സിൻവർ പറയുകയുണ്ടായി. 2017ൽ ഇസ്മായിൽ ഹനിയ ഖത്തറിൽ പ്രവാസിയായി ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായതോടെ ഗാസയിലെ മേധാവിയായി സിൻവർ സ്ഥാനമേറ്റു. ഹനിയ കൊല്ലപ്പെട്ടശേഷം ഹമാസിന്റെ നിയന്ത്രണം സിൻവറിനായിരുന്നു.

വെസ്റ്റ് ബാങ്കിലെ പലസ്തീൻ പട്ടണങ്ങളിൽ ഇസ്രയേൽ വൻതോതിൽ കുടിയേറ്റം ആരംഭിക്കുകയും പലസ്തീൻകാരെ ബലമായി പുറത്താക്കുകയും ചെയ്തുകൊണ്ടിരുന്നതാണ് ഹമാസിനെ കടന്നാക്രമണത്തിനു പ്രേരിപ്പിച്ചതെന്നു പറയുന്നു. അതിനിടെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ കടന്നുകയറിയതും വലിയ പ്രകോപനമായി. ഇസ്രയേലി‍ൽ കടന്നാക്രമണം നടത്തുകയെന്ന പദ്ധതി സിൻവറിന്റേതായിരുന്നുവെന്നും ഹനിയ ഇതിനോടു പൂർണമായി യോജിച്ചിരുന്നില്ലെന്നും      റിപ്പോർട്ടുണ്ടായിരുന്നു.

English Summary:

Yahiya Sinwar: Palestinian leader who gained strength from Israel prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com