ADVERTISEMENT

വാഷിങ്ടൻ ∙ ‘കമല ഹാരിസിന് 60 വയസ്സോ; അൽപം കൂടി ചെറുപ്പമാണെന്നാണ് ഞാൻ കരുതിയത്’– 3 മാസം മുൻപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു മത്സരരംഗത്തുനിന്ന് ജോ ബൈഡൻ പിന്മാറി കമല ഹാരിസിനെ ഡെമോക്രാറ്റ് സ്ഥാനാർഥിയാക്കിയപ്പോൾ റിപ്പബ്ലിക്കൻ എതിരാളി ഡോണൾഡ് ട്രംപ് പറഞ്ഞു. ചെറുപ്പക്കാരിയായി ഓടിനടന്ന് പ്രചാരണത്തിൽ മുഴുകുന്ന കമലയ്ക്ക് ഇന്ന് 60 വയസ്സ് തികയുന്നു. 

പ്രായാധിക്യവും ഓർമക്കുറവും അലട്ടിത്തുടങ്ങിയെന്ന ആരോപണങ്ങൾ ശക്തമായതിനെത്തുടർന്നായിരുന്നു ബൈ‍ഡന്റെ (81) പിന്മാറ്റം. അദ്ദേഹത്തെക്കാൾ 20 വയസ്സിന് ഇളയ വൈസ് പ്രസിഡന്റ് കമല പ്രസിഡന്റ് സ്ഥാനാർഥിയായതോടെ, 78 വയസ്സുള്ള ട്രംപിനെക്കുറിച്ചും പ്രായചർച്ചകൾ ശക്തമായി. 

1964 ഒക്ടോബർ 20നു കലിഫോർണിയയിലെ ഓക്‌ലൻഡിലാണ് കമല ദേവി ഹാരിസിന്റെ ജനനം. ഇന്ത്യൻ വംശജയായ അർബുദ ഗവേഷക ശ്യാമള ഗോപാലനും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര അധ്യാപകൻ, ജമൈക്കൻ സ്വദേശിയായ ഡോണൾഡ് ഹാരിസുമാണ് മാതാപിതാക്കൾ. യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത എന്ന ചരിത്രനേട്ടവും കടന്ന് പ്രസിഡന്റാകുന്ന ആദ്യവനിതയെന്ന ഇതിഹാസനേട്ടം കമല എത്തിപ്പിടിക്കുമോയെന്ന് വൈകാതെയറിയാം. നവംബർ 5നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 

‌ ∙ ട്രംപ് ക്ഷീണിതനെന്ന് കമലയുടെ പരിഹാസം

ട്രംപ് ആകെ ക്ഷീണിതനാണെന്ന് അടുത്ത അനുയായികൾ വരെ പറയുന്നെന്നും ഇനിയൊരു തവണ കൂടി പ്രസിഡന്റാകാനുള്ള ഊർജം അദ്ദേഹത്തിനു ബാക്കിയില്ലെന്നും മിഷിഗനിലെ പ്രചാരണപരിപാടിയിൽ കമല ഹാരിസ് ആരോപിച്ചു. കമല പങ്കെടുക്കാതെ വിട്ട സുപ്രധാന പരിപാടികൾ എണ്ണിപ്പറഞ്ഞും തന്റെ ഒരു തിരക്കേറിയ ദിവസം വിവരിച്ചുമായിരുന്നു ട്രംപിന്റെ രൂക്ഷമായ മറുപടി. ‘എനിക്കൊരു ചെറിയ ക്ഷീണം പോലുമില്ല’– അദ്ദേഹം വ്യക്തമാക്കി. 

English Summary:

Kamala Harris turns 60

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com