ലീ ക്വാന്റെ രണ്ടാമത്തെ മകൻ ബ്രിട്ടനിൽ അഭയാർഥി
Mail This Article
സിംഗപ്പൂർ ∙ ആധുനിക സിംഗപ്പൂരിന്റെ ശിൽപിയായ ലീ ക്വാൻ യൂവിന്റെ രണ്ടാമത്തെ മകനായ ലീ ഷിയൻ യാങ്ങിന് (67) ബ്രിട്ടൻ അഭയം നൽകി. ഇപ്പോൾ താനൊരു രാഷ്ട്രീയ അഭിയാർഥിയാണെന്ന് യാങ് പറഞ്ഞതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. ബ്രിട്ടിഷ് കൊളോണിയൽ വാഴ്ചയ്ക്കു ശേഷം സിംഗപ്പൂരിനെ സാമ്പത്തിക ശക്തിയായി വളർത്തിയത് ആദ്യ പ്രധാനമന്ത്രിയായ ലീ ക്വാൻ യൂ ആണ്. 31 വർഷം സിംഗപ്പൂരിന്റെ പ്രധാനമന്ത്രിസ്ഥാനം വഹിച്ച അദ്ദേഹം 2015 ൽ അന്തരിച്ചു.
മുൻ പ്രധാനമന്ത്രി ലീ ഷിയൻ ലുങ്ങാണു ലീ ക്വാൻ യൂവിന്റെ മൂത്ത മകൻ. സൈന്യത്തിൽ ബ്രിഗേഡിയറായിരുന്ന ലുങ് 2 പതിറ്റാണ്ടോളം പ്രധാനമന്ത്രിയായി. മേയിൽ സ്ഥാനമൊഴിഞ്ഞ ശേഷവും മന്ത്രിസഭയിൽ തുടരുകയാണ്.
ലുങ്ങുമായി യാങ്ങും സഹോദരി ലീ വെയ് ലിങ്ങും അകലത്തിലായിരുന്നു. ലീ വെയ് ലിങ് കഴിഞ്ഞ മാസം മരിച്ചു. പിതാവിന്റെ സ്വത്ത് സംബന്ധിച്ചുള്ള തർക്കമാണ് കാരണം. 2020 ൽ പൊതുതിരഞ്ഞെടുപ്പിൽ ലുങ്ങിനെതിരെ യാങ് പ്രതിപക്ഷത്തോടൊപ്പം ചേർന്നിരുന്നു.