ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ബ്രിക്സ്
Mail This Article
കസാൻ (റഷ്യ) ∙ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചും ഗാസയിൽ ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്തും ബ്രിക്സ് നേതാക്കൾ. ഇരുപക്ഷവും ബന്ദികളെ കൈമാറണമെന്ന് ആവശ്യപ്പെട്ടു. ബ്രിക്സ് ഉച്ചകോടിയിലെ ‘കസാൻ പ്രഖ്യാപന’ത്തിൽ മധ്യപൂർവദേശത്തെ സംഘർഷം പ്രാധാന്യത്തോടെ ഇടംപിടിച്ചു. സിറിയയിലെ ഇറാൻ കോൺസുലേറ്റിനു നേർക്ക് ഇസ്രയേൽ ഏപ്രിലിൽ നടത്തിയ ആക്രമണത്തെ വിമർശിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലുമുണ്ടായ കൂട്ടക്കുരുതിയും ജനങ്ങൾ നേരിടുന്ന ദുരിതവും പ്രഖ്യാപനത്തിൽ എടുത്തുപറയുന്നു. ഇസ്രയേലിൽനിന്ന് സൈനികഭീഷണി നേരിടുന്ന ഇറാനും ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമാണ്.
-
Also Read
ഇറാഖിലെ ഐഎസ് തലവനെ വധിച്ചു
യുദ്ധത്തിനല്ല, ചർച്ചയ്ക്കും നയതന്ത്രത്തിനുമാണ് ഇന്ത്യയുടെ പിന്തുണയെന്നു ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യ–യുക്രെയ്ൻ ഏറ്റുമുട്ടലിനു ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ആഹ്വാനം കൂടിയായി മോദിയുടെ വാക്കുകൾ. ബ്രിക്സിലേക്കു കൂടുതൽ രാജ്യങ്ങളെ സ്വാഗതം ചെയ്യാൻ ഇന്ത്യ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തെ എതിരിടുന്ന കാര്യത്തിൽ ഇരട്ടത്താപ്പു പാടില്ലെന്ന് മോദി തുറന്നടിച്ചു. ഭീകരപ്രവർത്തനത്തെയും അതിനുള്ള സാമ്പത്തികസഹായത്തെയും നേരിടണമെങ്കിൽ എല്ലാവരുടെയും ഒറ്റമനസ്സോടെയുള്ള പിന്തുണ വേണമെന്നും പറഞ്ഞു.
റഷ്യ–ഇറാൻ സഹകരണ കരാർ
റഷ്യയും ഇറാനും സമഗ്ര സഹകരണ കരാറിൽ ഉടൻ ഒപ്പുവയ്ക്കും. ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനുമായി നടത്തിയ ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മധ്യപൂർവദേശത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാമെന്നും പുട്ടിൻ അറിയിച്ചു. ഇസ്രയേൽ–ഇറാൻ സംഘർഷം മുറുകിനിൽക്കുന്നതിനിടെ നടന്ന കൂടിക്കാഴ്ചയ്ക്കു പ്രാധാന്യം ഏറെയാണെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.