ADVERTISEMENT

ജറുസലം ∙ ഇറാനുമായി ബന്ധമുള്ള സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. നഗരത്തിലെ കഫർ സോസ മേഖലയിലെ പാർപ്പിടസമുച്ചയങ്ങൾക്കുനേരെയായിരുന്നു ആക്രമണം. സിറിയയുടെ പടിഞ്ഞാറൻ നഗരമായ ഹോംസിനടുത്തുള്ള സൈനിക താവളത്തിലും ബോംബിട്ടു. ഒരു സൈനികൻ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. 

മധ്യഗാസയിലെ നുസുറത്ത് അഭയാർഥിക്യാംപിലെ സ്കൂളിനുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 11 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 17 പലസ്തീൻകാർ കൊല്ലപ്പെട്ടു. 32 പേർക്കു പരുക്കേറ്റു. അഭയകേന്ദ്രമായി മാറ്റിയ സ്കൂളിൽ ഹമാസ് താവളമുണ്ടായിരുന്നെന്നാണ് ഇസ്രയേൽ ആരോപണം.

വടക്കൻ ഗാസയിലെ ജബാലിയ മേഖലയിലെ ആക്രമണം 20 ദിവസം പിന്നിടുമ്പോൾ ഇതുവരെ 770 പലസ്തീൻകാർ കൊല്ലപ്പെട്ടു. ആയിരത്തിലേറെപ്പേർക്കു പരുക്കേറ്റു. ജബാലിയയിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചെന്നും ഹമാസ് ബന്ധമുള്ള 200 പേരെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ ഇതുവരെ 42,847 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,00,544 പേർക്കു പരുക്കേറ്റു. 

തെക്കൻ ലബനനിൽ ഹിസ്ബുല്ലയുടെ തുരങ്കങ്ങൾ തകർത്തെന്ന് ഇസ്രയേൽ പറഞ്ഞു. കഴിഞ്ഞ രാത്രിയിലെ ബോംബാക്രമണങ്ങളിൽ ബെയ്റൂട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. 5 പേർക്കു പരുക്കേറ്റു. വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങളിലേക്ക് ഹിസ്ബുല്ലയും മിസൈലുകൾ തൊടുത്തു. ലബനനിലെ തുറമുഖനഗരമായ ടയറിൽനിന്നു പതിനായിരക്കണക്കിനാളുകളാണ് ആക്രമണം ഭയന്ന് പലായനം ചെയ്തത്. 

അതിനിടെ, വരും ദിവസങ്ങളിൽ ഖത്തറിലെ ദോഹയിൽ സമാധാന ചർച്ച പുനരാരംഭിക്കാൻ തീരുമാനിച്ചു. യുഎസും ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിക്കുന്ന ചർച്ചയിൽ ഇസ്രയേൽ പ്രതിനിധികളും പങ്കെടുത്തേക്കും. ഹമാസ് നേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ട സാഹചര്യം വെടിനിർത്തലിന് അനുയോജ്യമാണെന്ന നിലപാടിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൽ അബ്ദുൽറഹ്മാൻ അൽത്താനിയുമായി ഇന്നലെ അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിൻവറിന്റെ പിൻഗാമിയെ ഹമാസ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ചർച്ചയിൽ ആരൊക്കെ പങ്കെടുക്കുമെന്നതിൽ വ്യക്തതയില്ല. 

English Summary:

Israel attack on Iran bases in Syria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com