ഗാസയിലെ വീടുകളിൽ ഇസ്രയേൽ ബോംബിങ്: 45 മരണം
Mail This Article
ജറുസലം ∙ വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ 6 വീടുകളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 11 സ്ത്രീകളും 2 കുട്ടികളുമടക്കം 45 പലസ്തീൻകാർ കൊല്ലപ്പെട്ടു. 15 പേർക്കു പരുക്കേറ്റു. ജബാലിയയിലും വീടുകളിൽ ബോംബിട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ, ജബാലിയ,ബെയ്ത്ത് ഹനൂൻ പട്ടണങ്ങൾ വളഞ്ഞുവച്ച് ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണം മൂന്നാഴ്ച പിന്നിടുമ്പോൾ കൊല്ലപ്പെട്ടവരുടെ എണ്ണം 800 ആയി.
മേഖലയിലേക്കു സഹായമെത്തിക്കുന്നതു തടഞ്ഞ ഇസ്രയേൽ നടപടി സാധാരണജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയെന്ന് റെഡ് ക്രോസ് അടക്കം സന്നദ്ധസംഘടനകൾ പറഞ്ഞു. വടക്കൻ ഗാസ കേന്ദ്രീകരിച്ചു ഹമാസും സൈന്യവും തമ്മിൽ കനത്ത വെടിവയ്പു തുടരുന്നുവെന്നാണു റിപ്പോർട്ട്.
ടെൽ അവീവിൽ ബസ് സ്റ്റോപ്പിലേക്കു ട്രക്ക് ഇടിച്ചുകയറി 35 പേർക്കു പരുക്കേറ്റു. മൊസാദ് ആസ്ഥാനത്തിനും സൈനികത്താവളത്തിനും സമീപമാണു സംഭവം. ഇത് ആക്രമണമായെടുത്താണ് അന്വേഷണം. 6 പേരുടെ പരുക്ക് ഗുരുതരമാണ്. അറബ് വംശജനായ ഇസ്രയേൽ പൗരനാണു ട്രക്ക് ഓടിച്ചിരുന്നത്.
അതേസമയം, തെക്കൻ ലബനനിൽ 14 ഗ്രാമങ്ങളിലെ ജനങ്ങളോടുകൂടി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ 4 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.
അതിനിടെ, ഇസ്രയേലിന്റെ ചാരസംഘടന മൊസാദിന്റെയും യുഎസിന്റെ സിഐഎയുടെയും തലവന്മാർ ഇന്നലെ ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയെ കണ്ടു. ഗാസയിൽ അടിയന്തരമായി ഒരു മാസത്തെ വെടിനിർത്തലിനുള്ള ചർച്ചകളുടെ ഭാഗമാണു കൂടിക്കാഴ്ച. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 42,924 പലസ്തീൻകാർ കൊല്ലപ്പെട്ടു. 100,833 പേർക്കു പരുക്കേറ്റു.