ഇറാനിൽ ഇസ്രയേലിന്റെ മിസൈലാക്രമണം: 4 മരണം
Mail This Article
ടെൽ അവീവ് ∙ ഈ മാസമാദ്യം ഇറാൻ നടത്തിയ ആക്രമണങ്ങൾക്കു മറുപടിയായി ടെഹ്റാൻ അടക്കം ഇറാനിൽ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ഇന്നലെ പുലർച്ചെയുള്ള ആക്രമണങ്ങളിൽ 4 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇറാൻ സൈന്യം കാര്യമായ നാശനഷ്ടമില്ലെന്നും വ്യക്ത മാക്കി.
പ്രാദേശിക സമയം പുലർച്ചെ രണ്ടിനു (ഇന്ത്യൻ സമയം പുലർച്ചെ 4 മണി) തുടങ്ങിയ ആക്രമണം 4 മണിക്കൂർ നീണ്ടു. മൂന്നു ഘട്ടമായി 140 പോർവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. ആദ്യമായാണ് ഇസ്രയേൽ ഇറാനെതിരെ തുറന്ന ആക്രമണം നടത്തുന്നത്. ഏപ്രിലിൽ ഇറാനിലെ ഒരു വ്യോമതാവളത്തിനു സമീപം മിസൈലാക്രമണം നടത്തിയെങ്കിലും ഉത്തരവാദിത്തമേറ്റിരുന്നില്ല.
ഇറാന്റെ മിസൈൽ നിർമാണകേന്ദ്രങ്ങളാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇറാൻ ഇതു നിഷേധിച്ചു. ഈലം, ഖൂസസ്ഥാൻ, ടെഹ്റാൻ എന്നീ പ്രവിശ്യകളിലെ സൈനികത്താവളങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും അറിയിച്ചു. നിസ്സാരമെന്ന മട്ടിലാണ് ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങളും വിഷയം കൈകാര്യം ചെയ്തത്.
ടെഹ്റാനിൽ ജനജീവിതം സാധാരണനിലയിൽ തുടർന്നു. ആക്രമണത്തെ വിമർശിച്ച് സൗദി അറേബ്യ അടക്കം അറബ് രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണം ഇറാന്റെ പരമാധികാരത്തെയും രാജ്യാന്തരനിയമങ്ങളെയും ലംഘിക്കുന്നതാണെന്നു കുറ്റപ്പെടുത്തി. ഇറാൻ പ്രത്യാക്രമണം നടത്തരുതെന്ന് യുഎസും യുകെയും ആവശ്യപ്പെട്ടു.