ADVERTISEMENT

ജറുസലം ∙ വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളിലെ ഉൾമേഖലകളിലേക്ക് ഇസ്രയേൽ ടാങ്കുകൾ ആക്രമണം വ്യാപിപ്പിച്ചു. മൂന്നാഴ്ചയിലേറെയായി 3 പട്ടണങ്ങളിലായി ഒരുലക്ഷത്തിലേറെ പലസ്തീൻകാരെയാണു സൈന്യം വളഞ്ഞുവച്ചിരിക്കുന്നത്. സഹായവിതരണം നിലച്ചതോടെ ജനങ്ങൾ പട്ടിണിയിലും കടുത്ത ദുരിതത്തിലുമാണെന്ന് സന്നദ്ധസംഘടനകൾ പറഞ്ഞു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 43,000 കവിഞ്ഞു. 

അതിനിടെ, ജബാലിയ ക്യാംപിലെ കമൽ അദ്‌വാൻ ആശുപത്രിയിൽനിന്നു 100 ഹമാസുകാരെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇവരെല്ലാം ആരോഗ്യപ്രവർത്തകരായി വേഷമിട്ടവരായിരുന്നുവെന്നും ആരോപിച്ചു. ആശുപത്രിയിൽ ഹമാസ് താവളമുണ്ടായിരുന്നെന്ന ആരോപണം അധികൃതർ നിഷേധിച്ചു. സൈന്യം തട്ടിക്കൊണ്ടുപോയത് ആരോഗ്യപ്രവർത്തകരെയും രോഗികളെയുമാണെന്നും പറഞ്ഞു. സൈന്യം തകർത്ത ആശുപത്രി കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും വിഡിയോയും പുറത്തുവന്നു. അതിനിടെ, ലബനനിലെ ചരിത്രനഗരമായ കോനീഷ് മേഖലയിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. ഒഴിഞ്ഞുപോകാൻ ജനങ്ങളോട് സൈന്യം ആവശ്യപ്പെട്ടിരുന്നു. 7 പേർ കൊല്ലപ്പെട്ടു. 

അതേസമയം, വെടിനിർത്തലിന് ദോഹയിൽ യുഎസ്, ഈജിപ്ത്, ഖത്തർ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുകയാണ്. തടവുകാരെയും ബന്ദികളെയും കൈമാറാൻ ആദ്യം 2 ദിവസത്തെ വെടിനിർത്തലും 10 ദിവസത്തിനകം സ്ഥിരം വെടിനിർത്തൽ ചർച്ചയുമാണ് ഈജിപ്ത് ശുപാർശ ചെയ്യുന്നത്. 24 മണിക്കൂറിനിടെ ഗാസയിൽ 50 പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാർ 43,020. പരുക്കേറ്റവർ 101,110. 

ഖമനയിയുടെ എക്സ് അക്കൗണ്ടിന് വിലക്ക്

ജറുസലം ∙ ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഹീബ്രുവിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത പുതിയ അക്കൗണ്ട് എക്സ് നീക്കം ചെയ്തു. ചട്ടം ലംഘിച്ചതിന്റെ പേരിലാണിതെന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമക്കമ്പനി അറിയിച്ചു. ഖമനയിക്കു വിവിധ ഭാഷകളിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ അദ്ദേഹത്തിന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നുണ്ട്. ഹമാസിനെ പിന്തുണച്ചു സന്ദേശമിട്ടതിന്റെ പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഖമനയിയുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മെറ്റ വിലക്കിയിരുന്നു. 

English Summary:

Israel-Palestine Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com