ADVERTISEMENT

ബൈഡൻ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിനിടെ ഡോണൾഡ് ‌ട്രംപിന്റെ അനുയായികളെ ‘എച്ചിൽക്കൂട്ട’മെന്നു വിളിച്ചതിനെച്ചൊല്ലി വലിയ വിവാദം. ബൈഡന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നു പറഞ്ഞ് ബൈ‍ഡനും വൈറ്റ്ഹൗസും അതിവേഗം ന്യായീകരിച്ചെങ്കിലും കോലാഹലം കെട്ടടങ്ങിയിട്ടില്ല.  

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപ് ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിൽ ന‌ടത്തിയ പ്രചാരണ പരിപാടിയിൽ പ്രസംഗിച്ച ഹാസ്യതാരം ടോണി ഹിൻച്ക്ലിഫ് കടലിൽ പൊന്തിക്കിടക്കുന്ന എച്ചിൽക്കൂട്ടമെന്ന് പ്യൂർട്ടോറിക്കോക്കാരെ പരിഹസിച്ചിരുന്നു. ഇതിനെ അപലപിക്കുമ്പോഴാണ് ബൈഡന്റെ വാക്കിലും ‘എച്ചിൽക്കൂട്ടം’ കടന്നുവന്നത്. പ്രസിഡന്റ് പറഞ്ഞതിന്റെ അച്ചടിപ്പകർപ്പ് ഹാജരാക്കി, ട്രംപിന്റെ അനുയായികളെ എച്ചിൽക്കൂട്ടമെന്ന് വിളിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താക്കൾ വാദിച്ചു. വിശദീകരണം തന്നുകഴിഞ്ഞെന്നു പറഞ്ഞ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസും ബൈഡനെ ന്യായീകരിച്ചു.

നവംബർ 5ലെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണച്ചൂടിൽ പുതിയൊരു വിഷയം വീണു കിട്ടിയ ആവേശത്തിലാണ് റിപ്പബ്ലിക്കൻ ക്യാംപ്. ട്രംപ് ഫ്ലോറിഡയിലെ പ്രചാരണ വേദിയിൽ നിൽക്കുമ്പോഴാണ് ബൈഡന്റെ പരാമർശം ചൂടോടെ ‘ബ്രേക്കിങ് ന്യൂസ്’ ആയി റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റൂബിയോ അറിയിച്ചത്. സദസ്സിൽനിന്ന് പ്രതിഷേധം ഉയർന്നു. 2016 ലെ തിരഞ്ഞെടുപ്പുകാലത്ത്, അന്ന് എതിരാളിയായിരുന്ന ഹിലറി ക്ലിന്റൻ ‘ശോചനീയമായ കൂട്ട’മെന്ന് തന്റെ അനുയായികളെ വിളിച്ച കുപ്രസിദ്ധമായ സംഭവം പരാമർശിച്ച് ട്രംപ് പറഞ്ഞു: ‘എച്ചിലെന്നൊക്കെ വിളിക്കുന്നത് അതിലും കഷ്ടമാണ്. പോട്ടെ, ബൈഡന് ഒന്നുമറിയില്ല. നിങ്ങൾ ക്ഷമിച്ചേക്കൂ.’

English Summary:

Joe Biden's Words Ignite Election Firestorm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com