ഗാസ അഭയാർഥിക്യാംപിൽ ബോംബിങ്: ഒറ്റരാത്രി 55 മരണം; ബെയ്റൂട്ടിലും ബോംബാക്രമണം
Mail This Article
ജറുസലം ∙ ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു. ഗാസയിലെ ദെയ്റൽ ബലാഹ്, നുസുറത്ത് അഭയാർഥി ക്യാംപ്, അൽ സവൈദ എന്നിവിടങ്ങളിൽ ബോംബാക്രമണങ്ങളിൽ ഒറ്റരാത്രിയിൽ 55 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഡസൻകണക്കിനാളുകൾക്കു പരുക്കേറ്റു. ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇന്നലെ പുലർച്ചെ പത്തോളം തവണ ഇസ്രയേൽ ബോംബിട്ടു.
ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ യുനെസ്കോ പട്ടികയിലുള്ള ലബനനിലെ ബാൽബെക്ക് പട്ടണത്തിലും രൂക്ഷമായ ആക്രമണമാണു നടത്തിയത്. ഈ മേഖലകളിൽനിന്നെല്ലാം ഭൂരിപക്ഷം ജനങ്ങളും സുരക്ഷിതമേഖലയിലേക്ക് ഒഴിഞ്ഞുപോയിരുന്നു. നുറുസറത്ത് ക്യാംപിൽ ബോംബിട്ടതിനെത്തുടർന്നു 18 മാസം പ്രായമുള്ള ആൺകുഞ്ഞും 10 വയസ്സുള്ള സഹോദരിയും കൊല്ലപ്പെട്ടു. ഇവരുടെ പിതാവിനെ 4 മാസം മുൻപ് വ്യോമാക്രമണത്തിനിടെ കാണാതായിരുന്നു.
അധിനിവേശ വെസ്റ്റ്ബാങ്കിലെ നൂർ ഷംസ് അഭയാർഥി ക്യാംപിലെ യുഎൻ പലസ്തീൻ അഭയാർഥിസംഘടനയുടെ (യുഎൻആർഡബ്ല്യുഎ) ഓഫിസ് കെട്ടിടം ഇസ്രയേൽ ബുൽഡോസറുകൾ ഇടിച്ചുതകർത്തതായി സംഘടനയുടെ മേധാവി ഫിലിപ്പി ലസാറിസി പറഞ്ഞു. കെട്ടിടം തകർത്തതു സൈന്യമല്ലെന്ന് ഇസ്രയേൽ പ്രതികരിച്ചു.
അതേസമയം, ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനു മുൻപായി ഗാസയിലും ലബനനിലും വെടിനിർത്തലിനുവേണ്ടിയുള്ള യുഎസ് ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. ഏകപക്ഷീയമായി വെടിനിർത്തലിനു ലബനനിനുമേൽ യുഎസ് സമ്മർദം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. കരാറുകളിലും രേഖകളിലും കാര്യമില്ലെന്നും ശത്രുവിനെ നിരായുധരാക്കി സുരക്ഷ ഉറപ്പാക്കുകയാണു മുഖ്യലക്ഷ്യമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 43,259 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,01,827 പേർക്കു പരുക്കേറ്റു.