ഗാസയിലും ലബനനിലും കനത്ത ബോംബിങ്: മരണം 107
Mail This Article
ജറുസലം ∙ ലബനനിലും ഗാസയിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഒറ്റദിവസം 107 പേർ കൊല്ലപ്പെട്ടു. ലെബനനിലെ ബാൽബെക് മേഖലയിലെ വിവിധ പട്ടണങ്ങളിലെ ബോംബാക്രമണങ്ങളിൽ 52 പേരാണു കൊല്ലപ്പെട്ടത്. റോമൻ സംസ്കൃതിയുടെ ശേഷിപ്പുകളുള്ളതിനാൽ ബാൽബെക് യുനെസ്കോ പൈതൃകപട്ടികയിലുള്ളതാണ്. ബെക്ക വാലിയിലെ 25 പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെയുള്ള കനത്ത ബോംബാക്രമണമുണ്ടായി.
ഗാസയിൽ 24 മണിക്കൂറിനിടെ 55 പലസ്തീൻകാർ കൊല്ലപ്പെട്ടു. 192 പേർക്കു പരുക്കേറ്റു. ഗാസ സിറ്റിയിൽ പോളിയോ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 3 കുട്ടികൾക്കു പരുക്കേറ്റു. അതേസമയം, ഇസ്രയേലിലേക്കു ഹിസ്ബുല്ലയുടെ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ തുടർന്നു. ടെൽ അവീവിനു സമീപം ടിറയിൽ വീടിനു മുകളിൽ റോക്കറ്റ് പതിച്ച് കുട്ടികൾ ഉൾപ്പെടെ 11 പേർക്കു പരുക്കേറ്റു.
ഇസ്രയേലിനും യുഎസിനും ഉചിതമായ മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പു നൽകി. ഗാസയിൽ ഇതുവരെ 43,314 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,02,019 പേർക്കു പരുക്കേറ്റു. ലബനനിൽ ഇതുവരെ 2897 പേർ കൊല്ലപ്പെട്ടു.