ഇന്തൊനീഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് 10 മരണം
Mail This Article
ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച് 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച അർധരാത്രിയുണ്ടായ സ്ഫോടനത്തെത്തുടർന്ന് തിളച്ചുമറിയുന്ന ലാവയും 2000 മീറ്റർ വരെ ഉയരത്തിൽ പാറിപ്പറന്ന ചൂടു ചാരവും 6 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ നാശം വിതച്ചു. ഒരു കന്യാസ്ത്രീ മഠം ഉൾപ്പെടെ ഒട്ടേറെ വീടുകൾ കത്തിനശിച്ചു. ഒരു കന്യാസ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്.
വുലാങ്ഗിറ്റാങ് ജില്ലയിലെ 6 ഗ്രാമങ്ങളിലെ പതിനായിരത്തിലേറെ ജനം പ്രാണരക്ഷാർഥം പലായനം ചെയ്തു. അഗ്നിപർവത സ്ഫോടന സൂചനകൾ കണ്ടതനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഇവിടെ നിന്ന് 6500 പേരെ ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് വെസ്റ്റ് സുമാത്ര പ്രവിശ്യയിലെ മൗണ്ട് മറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചെങ്കിലും ആളപായം ഉണ്ടായില്ല. മൗണ്ട് മറാപിയിൽ നിന്നൊഴുകിയ തണുത്ത ലാവയും കനത്ത മഴയും മേയിൽ 60 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇന്തൊനീഷ്യയിൽ സജീവമായ 120 അഗ്നിപർവതങ്ങളുണ്ട്.