ക്വിൻസി ജോൺസ് അരങ്ങൊഴിഞ്ഞു
Mail This Article
ലൊസാഞ്ചലസ് ∙ പാട്ടും മേളവും സിനിമയുമായി ‘ക്യൂ’ എന്ന ഒറ്റയക്ഷരം കൊണ്ടു നിറഞ്ഞ സുവർണകാലത്തിന് തിരശ്ശീല വീണു. അമേരിക്കൻ സംഗീത ഇതിഹാസം ക്വിൻസി ജോൺസ് (91) അരങ്ങൊഴിഞ്ഞു. കൗണ്ട് ബെയ്സി തൊട്ട് ഫ്രാങ്ക് സിനാട്രയും മൈക്കൽ ജാക്‌സനും ഉൾപ്പെടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ച ജാസ്, പോപ് സൂപ്പർതാരങ്ങൾക്കൊപ്പം ചേർത്തുവയ്ക്കാവുന്നതും സംഗീതത്തിന്റെ വിവിധ മേഖലകളിൽ നിറഞ്ഞുനിന്നതുമായ അപൂർവ ജീവിതമാണ് ഓർമയാകുന്നത്. ലൊസാഞ്ചലസിലെ ബെൽ എയറിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.
1980കളിൽ ഓഫ് ദ് വോൾ, ത്രില്ലർ, ബാഡ് തുടങ്ങിയ ആൽബങ്ങളുടെ നിർമാതാവായി മൈക്കൽ ജാക്സൻ എന്ന താരോദയത്തിനു വഴി തുറന്നത് ജോൺസാണ്. സിനാട്ര, അരീത്ത ഫ്രാങ്ക്‌ളിൻ, ഡോണ സമ്മർ, ലെസ്‌ലി ഗോർ തുടങ്ങിയ ഗായകർക്കു വേണ്ടിയും നിർമാതാവായി. ദ് കളർ പേർപ്പിൾ ഉൾപ്പെടെ സിനിമകൾ നിർമിച്ചും അവയ്ക്കു സംഗീതമൊരുക്കിയും ശ്രദ്ധേയനായി. ട്രംപറ്റും പിയാനോയും അടക്കം സംഗീത ഉപകരണങ്ങൾ അനായാസം വഴങ്ങുമായിരുന്ന ജോൺസ് ടിവി, ഫിലിം നിർമാണക്കമ്പനി ഉടമയുമായിരുന്നു. ആറര പതിറ്റാണ്ടു നീണ്ട കരിയറിൽ 28 തവണ ഗ്രാമി പുരസ്കാരങ്ങൾ നേടി; 80 തവണ ഗ്രാമി നാമനിർദേശം ലഭിച്ചു.
വെയ്ൽസ് സ്വദേശിയായ വെള്ളക്കാരന് കറുത്തവർഗക്കാരിയായ അടിമയിൽ പിറന്ന മകനായിരുന്നു ക്വിൻസി ജോൺസിന്റെ അച്ഛൻ. കുട്ടിക്കാലത്ത് അയൽവാസിയുടെ പിയാനോ ശബ്ദം കേട്ടു വളർന്ന ജോൺസ് മെല്ലെ സംഗീതത്തിന്റെ തിരയിൽപ്പെട്ടു. അഞ്ചാം വയസ്സിൽ പിയാനോ പഠിച്ചു തുടങ്ങി. 14–ാം വയസ്സിൽ ഒരു സംഗീത ബാൻഡിന്റെ ഭാഗമായതാണ് കരിയറിലെ തുടക്കം.