ഇടിമുഴക്കമാകാതെ കമലാരവം
Mail This Article
വാഷിങ്ടൻ ∙ രാജ്യ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന സുവർണനേട്ടം ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടമായ നിമിഷങ്ങളിലൂടെയാണ് കമല ഹാരിസ് കടന്നുപോകുന്നത്. സാമൂഹിക, സാംസ്കാരികതലങ്ങളിൽ വലിയ മാറ്റങ്ങൾക്കു വഴിതെളിക്കുമായിരുന്ന ഈ മുഹൂർത്തം യുഎസ് ജനത സ്വയം നിഷേധിച്ചു. ഇനിയൊരു വഴിത്തിരിവുണ്ടായില്ലെങ്കിൽ കമല ഹാരിസിന്റെ രാഷ്ട്രീയ ഭാവിയും അനിശ്ചിതാവസ്ഥയിലാകും. കമലയുടെ മുദ്ര യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത എന്ന നേട്ടത്തിൽ മാത്രമൊതുങ്ങുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യൻ വംശജയായ അർബുദ ഗവേഷക ശ്യാമള ഗോപാലന്റെയും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര അധ്യാപകനും ജമൈക്കൻ സ്വദേശിയുമായ ഡോണൾഡ് ഹാരിസിന്റെയും മകളായി 1964 ഒക്ടോബർ 20നു കലിഫോർണിയയിലെ ഓക്‌ലൻഡിലാണു കമല ദേവി ഹാരിസി(60)ന്റെ ജനനം.
പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് പഠനം കഴിഞ്ഞ് ഹേസ്റ്റിങ്‌സ് കോളജിൽനിന്നു നിയമബിരുദം, 1989 ൽ. ഓക്‌ലൻഡിൽ ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായാണ് കരിയർ തുടക്കം. 2010 ൽ കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കൻ അമേരിക്കൻ വ്യക്തിയുമായി. അഭിഭാഷകനായ ഭർത്താവ് ഡഗ്ലസ് എംഹോഫ് കമലയുടെ പ്രചാരണത്തിൽ സജീവസാന്നിധ്യമായിരുന്നു.