ഇത് അമേരിക്കയുടെ ‘മസ്ക്വൽക്കരണം’; ഉദയ താരമായി ശതകോടീശ്വരൻ ഇലോൺ മസ്ക്
Mail This Article
കൊച്ചി ∙ ഇലോൺ മസ്കിന്റെ ഇതുവരെയുള്ള മുതൽമുടക്കൊന്നും പാഴായിട്ടില്ല, പല മടങ്ങായി പൊലിച്ചിട്ടേയുള്ളു. വിദ്യാർഥിയായിരുന്ന കാലത്തു തുടങ്ങിയ സിപ്2, പേപാൽ മുതൽ എക്സ് ഡോട്ട്കോം, ഡീപ്മൈൻഡ്, സ്പേസ് എക്സ്, ടെസ്‌ല, ട്വിറ്റർ...എല്ലാറ്റിലും പണമുണ്ടാക്കി മസ്ക് ശതകോടീശ്വരനായി. ഇപ്പോഴിതാ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിൽ നടത്തിയ ‘നിക്ഷേപവും’ വൻ ‘ലാഭം’ കൊയ്തു. ഇതാ ഒരു പുതിയ താരം എന്നാണ് വിജയാഹ്ലാദത്തിനിടെ മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്.
ട്രംപിന്റെ വിജയം ആത്യന്തികമായി ഇലോൺ മസ്ക് എന്ന വ്യവസായ ഭീമന്റെ പണപ്രമത്തതയുടെ വിജയം കൂടിയാണെന്നു നിരീക്ഷകർ കരുതുന്നു. വാരിയെറിഞ്ഞ കോടികളും എക്സ് മാധ്യമത്തിന്റെ സ്വാധീനം സൃഷ്ടിച്ച ആളും ആരവവും അതിന്റെ പിന്നിലുണ്ട്. അമേരിക്കയുടെ തന്നെ മസ്ക്‌വൽക്കരണത്തിന്റെ (മസ്ക്യുലേഷൻ) തുടക്കമാണിതെന്നു കരുതുന്നവരുണ്ട്.
‘വോക്കിസം’ എന്നറിയപ്പെടുന്ന തീവ്രവാദങ്ങളെ തകർക്കുമെന്നു പ്രഖ്യാപിച്ചു പരസ്യമായി രംഗത്തു വന്ന മസ്ക് ട്വിറ്റർ വാങ്ങിയതും എക്സ് എന്നു പേരു മാറ്റിയതും അതിലെ ഉള്ളടക്കത്തിന്റെ സ്വഭാവം മാറ്റിമറിച്ചതുമെല്ലാം ഇതിനു വേണ്ടിയായിരുന്നു. നവ ചിന്താധാരകൾക്കെതിരെ യാഥാസ്ഥിതികത്വത്തിന്റെ വിജയം കൂടിയാണിത്.
ട്രംപിന് വോട്ട് ചെയ്യുന്നവർക്ക് കാഷ് പ്രൈസ് നൽകിയും എക്സ് ഉപയോഗിച്ച് പ്രചാരണം നടത്തിയും ട്രംപ് അനുകൂല രാഷ്ട്രീയ ആക്‌ഷൻ കമ്മിറ്റിക്ക് 11.8 കോടി ഡോളർ (1000 കോടി രൂപയോളം) സംഭാവന നൽകിയും മസ്ക് കളം നിറഞ്ഞാടി. മസ്കിന് സ്റ്റാർ ലിങ്ക് കമ്പനികളുടെ 7000 ഉപഗ്രഹങ്ങളിലൂടെ ലോകമാകെ ഇന്റർനെറ്റ് നൽകാൻ കഴിയും. അതിനർഥം മസ്കിനു തോന്നുമ്പോൾ സ്വിച്ച് ഓഫ് ചെയ്ത് ഇന്റർനെറ്റ് നിഷേധിക്കാനും കഴിയുമെന്നാണ്. യുക്രെയ്നിൽ സ്വിച്ച് ഓഫ് ചെയ്തു കാണിച്ചിട്ടുമുണ്ട്.
ആഗോള ആധിപത്യമാണു മസ്ക് ലക്ഷ്യമിടുന്നതെന്ന് വിമർശകർ പറയുന്നു. റഷ്യൻ പ്രസിഡന്റ് പുട്ടിനും മറ്റു പല രാഷ്ട്രത്തലവൻമാരുമായി രഹസ്യ ബന്ധമുണ്ട്. ബിസിനസിൽ നിന്നു നേടിയ പണത്തിലൂടെ അധികാരം സ്ഥാപിക്കുന്നവരുടെ (പ്ല്യൂട്ടോക്രാറ്റ്) നിരയിലേക്കാണ് മസ്കും എത്തുന്നത്.