ട്രംപ് മഹാമഹം; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ വിജയം ആഘോഷിച്ച് ജനങ്ങൾ
Mail This Article
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാന മണിക്കൂറിലേക്കു കടക്കവേ മയാമിയിലെ പോളിങ് സ്റ്റേഷനുകളിലൊന്നിന്റെ പരിസരത്ത് കണ്ട കറുത്തവർഗക്കാരനായ മധ്യവയസ്‌കനോട് ആർക്കാകും വിജയമെന്നു ചോദിച്ചു. ആദ്യം ഉത്തരം പറയാൻ അയാൾ തയാറല്ലായിരുന്നു. മറ്റാരും കേൾക്കില്ലെന്നുറപ്പായപ്പോൾ അയാൾ മാറിനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ‘കമല ഹാരിസ് ഫോർ 2024’. ഒപ്പം ഇതുകൂടി പറഞ്ഞു. ‘എന്റെ വിഡിയോ പകർത്തരുത്. പക്ഷേ, ശബ്ദം എല്ലാവരും കേൾക്കണം’.
അവിടെനിന്നു മടങ്ങും മുൻപ് അയാളുടെയടുത്ത് ഒരിക്കൽകൂടി ആര് ജയിക്കുമെന്നു ചോദിച്ചപ്പോൾ മറുപടി വ്യത്യസ്തവും നിരാശ കലർന്നതുമായിരുന്നു. ട്രംപ് എന്നായിരുന്നു ആ ഉത്തരം. സ്പാനിഷ് പാരമ്പര്യമുള്ള ഹിസ്പാനിക് വിഭാഗക്കാരും കറുത്തവർഗക്കാരും ഇത്തവണ ട്രംപിനെയാണു പിന്തുണക്കുന്നതെന്നും അയാൾ പറഞ്ഞു. ശുചീകരണ തൊഴിലാളിയായ അയാൾ അടിസ്ഥാനവിഭാഗക്കാരുടെ വികാരമറിയുന്നയാളാണ്. പ്രവചനം ശരിയാകാൻ ഏറെ സമയമെടുത്തില്ല. വോട്ടെണ്ണിത്തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ട്രംപ് തന്നെ ജയിക്കുമെന്ന് ഏതാണ്ടുറപ്പായി.
ട്രംപിന്റെ സ്വന്തം ഫ്ലോറിഡ
ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ മയാമി നേരത്തേ ഒരുങ്ങിയിരുന്നു. 2016 ൽ ജയിച്ചപ്പോഴും 2020 ൽ തോറ്റപ്പോഴും ട്രംപിനൊപ്പം നിന്ന സംസ്ഥാനമാണ് മയാമിയുൾപ്പെടുന്ന ഫ്ലോറിഡ. മയാമിയിലെ പ്രശസ്തമായ വെഴ്സ ക്യൂബൻ റസ്റ്ററന്റിൽ റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച ‘വാച്ച് പാർട്ടി’ ആഘോഷക്കടലായിരുന്നു.
കൊടികൾ, കുഴൽവിളി, റിപ്പബ്ലിക്കൻ പാർട്ടിയുടെ ചുവപ്പൻ കുപ്പായമണിഞ്ഞവർ, റോഡിൽ ഹോൺ മുഴക്കിക്കൊണ്ട് വാഹനങ്ങൾ, ട്രംപിന്റെ വേഷവും രൂപവും അനുകരിക്കുന്നവർ... 8 മണിയായപ്പോഴേക്ക് ആഘോഷം പൊടിപൊടിച്ചു. കയ്യിൽ ട്രംപിന്റെ ചിത്രവും തലയിൽ റിപ്പബ്ലിക്കൻ തൊപ്പിയുമായി അടുത്തുവന്ന നരച്ച താടിയുള്ള ചെറുപ്പക്കാരൻ 9–ാം വയസ്സിൽ ക്യൂബയിൽ നിന്നെത്തിയതാണ്. കമ്യൂണിസ്റ്റെന്നു കേട്ടാൽ കലിയുള്ള അയാൾ കമലയും ഒബാമയും ക്ലിന്റനുമെല്ലാം കമ്യൂണിസ്റ്റുകളാണെന്നു പറയുന്നു.
വിവിധ നിറക്കാരായ ആളുകൾ ട്രംപിന് വോട്ട് ചെയ്യുന്നുണ്ടല്ലോയെന്നു കരീബിയൻ വേരുകളുള്ള ഒരു ട്രംപ് അനുകൂലിയോടു ചോദിച്ചു. ആളുകൾ മാറ്റം ആഗ്രഹിക്കുന്നെന്ന് മറുപടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാത്രമല്ല മറ്റു പ്രാദേശിക സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പിലും ഫ്ലോറിഡ റിപ്പബ്ലിക്കനായി തുടരുമെന്ന് അവിടത്തെ വിജയാരവത്തിൽ വ്യക്തം. പല വിഷയങ്ങളിലും യാഥാസ്ഥിതികത മുറുകെപ്പിടിക്കുന്ന സംസ്ഥാനമാണു ഫ്ലോറിഡ. ഗർഭഛിദ്രത്തിന് സംസ്ഥാനത്തിനുള്ള അധികാരം എടുത്തുകളയാനും 21 വയസ്സിനു മേലെയുള്ളവർക്ക് വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കാൻ അനുമതി നൽകാനുമുള്ള ഭരണഘടനാ ഭേദഗതികൾ വോട്ടർമാർ തള്ളിക്കളഞ്ഞത് ഇതിന്റെ ഉദാഹരണം.
നിശ്ശബ്ദരായി ഡെമോക്രാറ്റുകൾ
മയാമിയുടെ മറ്റൊരു കോണിൽ ബേ 13 എന്ന റസ്റ്ററന്റിൽ ഡെമോക്രാറ്റിക് പാർട്ടി നടത്തിയ വാച്ച് പാർട്ടിയിൽ നിശ്ശബ്ദതയായിരുന്നു മുഖ്യാതിഥി. അവിടെയെത്തുമ്പോഴേക്കും കാര്യങ്ങളിൽ ഒരു തീരുമാനമായിരുന്നു. പ്രതീക്ഷയുണ്ടായിരുന്ന ചില പ്രാദേശിക സ്ഥാനങ്ങളും കിട്ടില്ലെന്നുറപ്പിച്ചതോടെ മിക്ക ഡെമോക്രാറ്റിക് അനുകൂലികളും നേരത്തേ വീട്ടിലേക്ക് മടങ്ങി. ശേഷിച്ചവരിൽ ഒരാൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ശുഭവാർത്ത പ്രതീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞു. എന്നാൽ, ആ ശുഭവാർത്ത റിപ്പബ്ലിക്കൻ അനുകൂലികൾക്കായിരുന്നെന്നു തെളിയാൻ അധികനേരമെടുത്തില്ല.