ADVERTISEMENT

ബെയ്റൂട്ട് ∙ ലബനനിൽ സമാധാനത്തിന് യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ ശുപാർശകളോട് ഹിസ്ബുല്ല അനുകൂല നിലപാടെടുത്തതോടെ, തുടർ ചർച്ചകൾക്ക് യുഎസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ബെയ്റൂട്ടിലെത്തി. കഴിഞ്ഞയാഴ്ചയാണ് ശുപാർശകൾ ലബനൻ സർക്കാരിനു കൈമാറിയത്. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹിസ്ബുല്ലയ്ക്കുവേണ്ടി ലബനൻ പാർലമെന്റ് സ്പീക്കർ നബിഹ് ബേരിയാണു ചർച്ചകളിൽ പങ്കെടുക്കുന്നത്.

2006 ൽ ഇസ്രയേൽ–ഹിസ്ബുല്ല യുദ്ധം അവസാനിപ്പിച്ച യുഎൻ രക്ഷാസമിതിയുടെ പ്രമേയത്തിലെ വ്യവസ്ഥകളോടു നീതി പുലർത്തുന്ന ശുപാർശകളാണ് യുഎസ് മുന്നോട്ടുവച്ചിട്ടുള്ളതെന്നാണു സൂചന. ഇതുപ്രകാരം ഇസ്രയേൽ–ലബനൻ അതിർത്തിയിൽ 30 കിലോമീറ്റർ പരിധിയിൽ ഹിസ്ബുല്ലയുടെ സായുധസാന്നിധ്യം ഉണ്ടാവില്ല. ഈ ബഫർസോണിൽ യുഎൻ സമാധാനസേനയും ലബനൻ സൈന്യവും കാവൽനിൽക്കും. എന്നാൽ, സുരക്ഷാഭീഷണിയുണ്ടായാൽ ലബനനിൽ എവിടെയും കടന്നുകയറാനുള്ള പൂർണസ്വാതന്ത്ര്യമാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ 2 മാസത്തിനിടെ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇരുനൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടതെന്നും 1100 കുട്ടികൾക്കു പരുക്കേറ്റെന്നും യുനിസെഫ് പറഞ്ഞു. ഒരു വർഷത്തിനിടെ ലബനനിൽ ആകെ 3516 പേരാണു കൊല്ലപ്പെട്ടത്.

അതിനിടെ, ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കളുമായെത്തിയ 100 ട്രക്കുകൾ തിങ്കളാഴ്ച സായുധസംഘം കൊള്ളയടിച്ചതോടെ മധ്യഗാസയിൽ ഭക്ഷ്യക്ഷാമം കടുത്തു. അതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനിൻ നഗരത്തിലെ ഖബാത്തിയയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 43,972 പേർ കൊല്ലപ്പെട്ടു. 1,04,008 പേർക്കു പരുക്കേറ്റു. യുദ്ധം 410 ദിവസം പിന്നിടുമ്പോൾ ഗാസ അധികൃതർ പുറത്തുവിട്ട കണക്കു പ്രകാരം കൊല്ലപ്പെട്ടവരിൽ 17,492 പേർ കുട്ടികളാണ്. ഇതിൽ 825 പേർ ഒരുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളാണ്.

English Summary:

US representative in Beirut for Lebanon ceasefire talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com