കാലാവസ്ഥ ഉച്ചകോടിക്ക് സമാപനം; കാലവസ്ഥാമാറ്റം നേരിടാൻ 30,000 കോടി ഡോളർ
Mail This Article
ബാക്കു ∙ കാലാവസ്ഥാമാറ്റം നേരിടാനായി വികസ്വരരാജ്യങ്ങൾക്കായി സമ്പന്നരാജ്യങ്ങളുടെ 30,000 കോടി ഡോളറിന്റെ ധനസഹായ പാക്കേജ് ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടി (സിഒപി 29) അംഗീകരിച്ചു. എന്നാൽ, തുക നാമമാത്രമെന്നു ചൂണ്ടിക്കാട്ടി പാക്കേജ് ഇന്ത്യ തള്ളി. ഇന്ത്യയുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകാതെ പാക്കേജ് അടിച്ചേൽപിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
2035 വരെ പ്രതിവർഷം 30,000 കോടി ഡോളറിന്റെ ധനസഹായം സമ്പന്നരാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്കു നൽകണമെന്ന പാക്കേജാണു രണ്ടാഴ്ച നീണ്ട കാലാവസ്ഥ ഉച്ചകോടിയുടെ സമാപനത്തിൽ അംഗീകരിച്ചത്. പ്രതിവർഷം 1.3 ലക്ഷം കോടി ഡോളർ വേണമെന്നായിരുന്നു ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ആവശ്യം. ഇരുനൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ചർച്ച ഭിന്നതകൾ മൂലം വെളളിയാഴ്ച കഴിഞ്ഞും നീളുകയായിരുന്നു. ശനിയാഴ്ചയോടെ ദ്വീപുരാജ്യങ്ങളും ഒരുവിഭാഗം വികസ്വര രാജ്യങ്ങളും ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ബുദ്ധിമുട്ടേറിയ ചർച്ചകൾക്കുശേഷമാണു പാക്കേജിനു ധാരണയായതെന്നും ഇത് കാലാവസ്ഥാമാറ്റത്തിനെതിരെ മാനവരാശിയുടെ ഇൻഷുറൻസ് പോളിസി ആണെന്നും യുഎൻ ക്ലൈമറ്റ് ചീഫ് സിമൺ സ്റ്റീൽ അവകാശപ്പെട്ടു. 2020 വരെ സമ്പന്നരാജ്യങ്ങൾ പ്രതിവർഷം 100 കോടി ഡോളർ ധനസഹായം നൽകാനായിരുന്നു ധാരണ. ഈ ലക്ഷ്യം 2022 ലാണു നിറവേറ്റിയത്.
യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അടക്കം രണ്ടു ഡസനോളം വികസിത രാജ്യങ്ങളാണു ധനസഹായപാക്കേജിലേക്കു പണം നൽകുന്നത്. ചൈനയും പണം കൊടുക്കണമെന്നാണ് യൂറോപ്യൻ യൂണിയൻ നിലപാട്. കാലാവസ്ഥ മാറ്റം തട്ടിപ്പാണെന്ന നിലപാടുള്ള നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പണം കൊടുക്കേണ്ടേതില്ലെന്ന നയമാണു സ്വീകരിച്ചിട്ടുള്ളത്.