നവീകരിച്ച നോത്രദാം കത്തീഡ്രൽ ഡിസംബർ ഏഴിന് തുറക്കും
Mail This Article
പാരിസ് ∙ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലിന്റെ നവീകരണം പൂർത്തിയായി. പ്രധാന അൾത്താരയുടെ കൂദാശ ഡിസംബർ ഏഴിനു നടക്കും. അന്നു മുതൽ തീർഥാടകർക്കായി കത്തീഡ്രൽ തുറന്നുകൊടുക്കും. 2019 ഏപ്രിൽ 15ന് തീപിടിത്തത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം കത്തിയമർന്ന് ഉള്ളിലേക്കു വീണ് കത്തീഡ്രലിന്റെ നല്ലൊരു ഭാഗം നശിച്ചിരുന്നു. ഒരു ദിവസം നീണ്ട ശ്രമത്തിനു ശേഷമാണു തീയണയ്ക്കാനായത്. തുടർന്ന് ആരംഭിച്ച നവീകരണ, പുനർനിർമാണ ജോലികളാണു പൂർത്തിയായത്. ആകെ 7463 കോടി രൂപ ചെലവായി.
12–ാം നൂറ്റാണ്ടിൽ ഗോഥിക് വാസ്തുശിൽപ ശൈലിയിൽ നിർമിച്ച നോത്രദാം കത്തീഡ്രൽ തനിമ നിലനിർത്തി പുനഃസൃഷ്ടിച്ചാണു നവീകരിച്ചത്. ദിവസവും 1300 തൊഴിലാളികൾ ജോലിയിൽ പങ്കുചേർന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്നലെ കത്തീഡ്രലിലെത്തി നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. ഡിസംബർ ഏഴിലെ ഉദ്ഘാടനത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രത്തലവന്മാർ എത്തുന്നുണ്ട്. ഫ്രാൻസിലെത്തുന്ന സഞ്ചാരികള്‍ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാനസ്തംഭവും ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ സുപ്രധാന തീർഥാടനകേന്ദ്രവുമായ നോത്രദാം കത്തീഡ്രൽ കാണാതെ മടങ്ങാറില്ല.