വെടിനിർത്തൽ ലംഘിച്ച് ലബനനിൽ ആക്രമണം; 11 മരണം
Mail This Article
ജറുസലം∙ വെടിനിർത്തൽ നിലവിൽ വന്നിട്ടും പോരാട്ടം തുടരുന്ന ലബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 11 മരണം. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിനു മറുപടി ആയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ല അംഗങ്ങളെയും ആയുധ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. തർക്കപ്രദേശമായ മൗണ്ട് ദോവിലേക്കു ഹിസ്ബുല്ല കഴിഞ്ഞ ദിവസം റോക്കറ്റുകൾ അയച്ചിരുന്നു.
ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ഇനിയും ആക്രമണം തുടർന്നാൽ ഇസ്രയേൽ വെടിനിർത്തൽ അവസാനിപ്പിച്ചു യുദ്ധം ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. ലബനനുമായി നേരിട്ടായിരിക്കും ആ യുദ്ധമെന്നും കട്സ് പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്നതോടെ ആക്രമണങ്ങളുടെ എണ്ണത്തിൽ വലിയ കുറവു വന്നെന്നും അതു പൂർണമായും നിർത്തലാക്കുകയാണു ലക്ഷ്യമെന്നും യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. അമേരിക്കയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്.
ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷണവിതരണം താൽക്കാലികമായി നിർത്തിവച്ചതോടെ ഗാസയിൽ പട്ടിണി രൂക്ഷമായിരിക്കുകയാണ്. വിതരണ വാഹനങ്ങൾ കൊള്ളയടിക്കപ്പെട്ടതോടെയാണ് ഐക്യരാഷ്ട്ര സംഘടന വിതരണം നിർത്തിയത്. വടക്കൻ ഗാസയിൽ അവശേഷിക്കുന്ന കുടുംബങ്ങൾ പട്ടിണി മരണത്തിലേക്ക് നീങ്ങുകയാണെന്നാണു സന്നദ്ധപ്രവർത്തകർ പറയുന്നത്.
ഗാസയിൽ ഹമാസ് ഭരണം അവസാനിപ്പിച്ചാൽ തുടർഭരണത്തിനായി 15 സംഘ സമിതിയെ നിയമിക്കാനുള്ള ധാരണയിലേക്ക് ഹമാസും ഫത്തയും എത്തിയിട്ടുണ്ട്. കയ്റോയിൽ നടന്ന ചർച്ചകളെ തുടർന്നാണു തീരുമാനം. പലസ്തീൻ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘം ഗാസയുടെ പുനർനിർമാണത്തിനായിരിക്കും മുൻഗണനക.
താൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏൽക്കും മുൻപ് ഇസ്രയേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസ് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ് ഇന്നലെ സമൂഹ മാധ്യമത്തിൽ ഭീഷണി മുഴക്കി. ഇസ്രയേൽ–ഹമാസ് പോരാട്ടത്തിൽ അമേരിക്ക കൂടുതൽ ഇടപെടൽ നടത്തുമെന്നതിന്റെ സൂചനയാണിതെന്നു കരുതപ്പെടുന്നു.