സിറിയയിൽ രൂക്ഷ പോരാട്ടം; ഹമയും വിമതർ പിടിച്ചു, സർക്കാർ സേന പിന്മാറി
Mail This Article
അമ്മാൻ ∙ വടക്കുള്ള അലപ്പോയ്ക്കു പിന്നാലെ മധ്യപടിഞ്ഞാറ് ഹമ പ്രവിശ്യയും പിടിച്ച് സിറിയയിൽ വിമതസേനയുടെ മുന്നേറ്റം. ഒരാഴ്ച മാത്രം പിന്നിടുമ്പോൾ വിമതർ 2 സിറിയൻ നഗരങ്ങളിൽ സാന്നിധ്യമുറപ്പിച്ചത് പ്രസിഡന്റ് ബഷാർ അൽ അസദിനു തിരിച്ചടിയായി. ഹമയിൽനിന്നു പിന്മാറുകയാണെന്നു സിറിയൻ സേന അറിയിച്ചു.
ഹമയിലെ 2 വടക്കുകിഴക്കൻ ജില്ലകളാണു വിമതരുടെ നിയന്ത്രണത്തിലായത്. ക്രിസ്ത്യൻ, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള മേഖലകളാണിവ. സെൻട്രൽ ജയിൽ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചതായും വിമത സേന അവകാശപ്പെട്ടു.
ഹോംസ് നഗരം ലക്ഷ്യമാക്കിയുള്ള വിമത നീക്കത്തിന് ഹമയിലെ വിജയം സഹായകമാകും. സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിനു ജനകീയ പിന്തുണയേറെയുള്ള ലറ്റാകിയ മേഖലയും ഹമയോടു ചേർന്നാണ്. സിറിയയിൽ 13 വർഷം നീണ്ട ആഭ്യന്തരയുദ്ധകാലത്ത് ഹമ ഏറക്കുറെ സർക്കാർ സേനയുടെ നിയന്ത്രണത്തിലായിരുന്നു.