ബംഗ്ലദേശിൽ സംഘർഷം; ഇസ്കോൺ കേന്ദ്രവും ക്ഷേത്രങ്ങളും നശിപ്പിച്ചു
Mail This Article
ധാക്ക ∙ ബംഗ്ലദേശിൽ ഇസ്കോൺ സംഘടനയുടെ കേന്ദ്രവും 2 ക്ഷേത്രങ്ങളും തീവച്ചു നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ധാക്കയിലെ ദൗർ ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്രം, മഹാഭാഗ്യ ലക്ഷ്മി നാരായണ ക്ഷേത്രം എന്നിവയാണു നശിപ്പിച്ചത്. ഇസ്കോണിന്റെ നാംഹട്ട സെന്ററും കത്തിച്ചു.
കുറ്റവാളികളെ പിടികൂടാൻ തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിഗ്രഹത്തിനു കേടുപാടു സംഭവിച്ചതായി ബംഗ്ലദേശ് ഇസ്കോൺ ജനറൽ സെക്രട്ടറി ചാരു ചന്ദ്ര ദാസ് ബ്രഹ്മചാരി അറിയിച്ചു.
ക്ഷേത്രവും വിഗ്രഹവും പൂർണമായും നശിച്ചതായി കൊൽക്കത്ത ഇസ്കോൺ വൈസ്പ്രസിഡന്റ് രാധാരമൺ ദാസ് പറഞ്ഞു. ലക്ഷ്മീനാരായണ വിഗ്രഹങ്ങളും ക്ഷേത്രത്തിനകത്തുണ്ടായിരുന്ന വസ്തുവകകളും പൂർണമായും കത്തിനശിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനു ശേഷമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണങ്ങൾ. ദേശദ്രോഹക്കുറ്റം ആരോപിച്ച് കഴിഞ്ഞ 25നാണ് ചിന്മയ് അറസ്റ്റിലായത്.
ഇതിനു പിന്നാലെയുണ്ടായ അക്രമത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്ലാം അലിഫ് കൊല്ലപ്പെട്ടത് സ്ഥിതിഗതികൾ വഷളാക്കി. ബംഗ്ലദേശിൽ ദുർബലമായ നേതൃത്വത്തിനു കീഴിൽ മാഫിയ സംഘമാണ് ഭരണം നടത്തുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.