നോത്രദാം കത്തീഡ്രൽ തുറന്നു; അഞ്ചര വർഷത്തിന് ശേഷം
Mail This Article
പാരിസ് ∙ പുതുക്കിപ്പണിത നോത്രദാം കത്തീഡ്രൽ അഞ്ചര വർഷത്തെ ഇടവേളയ്ക്കു ശേഷം തീർഥാടകർക്കായി തുറന്നുനൽകി. ചടങ്ങിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടനിലെ വില്യം രാജകുമാരൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയ പ്രധാന നേതാക്കൾ പങ്കെടുത്തു. തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ട്രംപ് പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങാണിത്. കത്തീഡ്രൽ പുതുക്കിപ്പണിയൽ മക്രോയ്ക്കു ഭരണം നിലനിർത്തുന്നതിനുള്ള വഴികൂടിയാണ്. യൂറോപ്പിലെ സമാധാന പ്രശ്നങ്ങൾ ട്രംപുമായി ചർച്ച ചെയ്യാനും നോത്രദാം അവസരമൊരുക്കും.
2019 ഏപ്രിൽ 15ന് ഉണ്ടായ തീപിടിത്തത്തിൽ 860 വർഷം പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയുടെ ഒരു ഭാഗം കത്തിനശിച്ചു. അത് ഉള്ളിലേക്കു വീണ് കത്തീഡ്രലിന്റെ നല്ലൊരു ഭാഗവും തകർന്നു. ദിവസവും ആയിരത്തിലേറെ തൊഴിലാളികൾ ജോലി ചെയ്താണു ഗോഥിക് വാസ്തുശിൽപത്തനിമ നിലനിർത്തി കത്തീഡ്രലിനെ പഴയ പ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. നവീകരണത്തിനും പുനർനിർമാണത്തിനുമായി 7468 കോടി രൂപ സംഭാവനയായി ലഭിച്ചിരുന്നു.