വിഘടിച്ചു നിന്ന വിമതരെ ഒന്നിപ്പിച്ചു; ഒരു പതിറ്റാണ്ട് കാത്തിരിപ്പ്: ഒടുവിൽ തീക്കാറ്റായി കുതിച്ചെത്തി ‘ജുലാനി’
Mail This Article
വർഷം 2014. അൽ ജസീറയുടെ ഖത്തർ നെറ്റ്‌വർക് ചാനൽ. മുഖം മറച്ചൊരാൾ റിപ്പോർട്ടർക്ക് അഭിമുഖം നൽകി. സിറിയയിൽ പോരാട്ടം അവസാനിപ്പിക്കാനുള്ള നിർദേശം തള്ളിക്കളയുന്നതായും ഭരണം പിടിച്ചെടുക്കുന്നതുവരെ വിശ്രമമില്ലെന്നും പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ആ നേതാവ് അപ്രതീക്ഷിത വേഗത്തിൽ ആളിപ്പടരുന്ന തീക്കാറ്റാകുന്നതാണ് ലോകം കണ്ടത്– ബഷാർ അൽ അസദിനെ വീഴ്ത്തിയ വിമത മുന്നേറ്റത്തിന്റെ സിരാകേന്ദ്രം അബു മുഹമ്മദ് അൽ ജുലാനി (42). സൗദിയിലെ റിയാദിൽ ഓയിൽ എൻജിനീയറുടെ മകനായി ജനിച്ച ജുലാനിയുടെ ബാല്യം ഡമാസ്കസ് നഗരപ്രാന്തത്തിലായിരുന്നു.
2003ൽ ഇറാഖിൽ അൽ ഖായിദയുടെ ഭാഗമാകുമ്പോൾ വയസ്സ് 21. തുടർന്നിങ്ങോട്ടുള്ള 21 വർഷം കടന്നുപോയത് സംഭവബഹുലമായ പാതകൾ. ഇറാഖിൽ യുഎസ് പട്ടാളത്തിന്റെ പിടിയിലായ ജുലാനി 2008ലാണു മോചിതനായത്. അബൂബക്കർ അൽ ബഗ്ദാദിയുടെ ഒപ്പം ചേർന്ന് വീണ്ടും അൽ ഖായിദയിൽ സജീവമായി. സിറിയയിൽ 2011ൽ വിമതമുന്നേറ്റത്തിനു കളമൊരുങ്ങിയപ്പോൾ ബഗ്ദാദി ജുലാനിയെ അവിടേക്കയച്ചു. അൽ ഖായിദയുടെ സിറിയൻ ഉപസംഘടനയായ ജബ്ഹത്ത് അൽ നുസ്റയുടെ വളർച്ചയായിരുന്നു ചുമതല. അൽ നുസ്റയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് ജുലാനിയുടെ ജീവന് ഒരു കോടി ഡോളർ വിലയിട്ടു. ഇപ്പോഴും യുഎസ് ഭീകരപ്പട്ടികയിലുള്ളയാളാണ് ജുലാനി.
2016ലാണ് മുഖംമൂടി നീക്കി ജുലാനി ആദ്യമായി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അൽ ഖായിദയുമായുള്ള ബന്ധങ്ങൾ ഉപേക്ഷിക്കുന്നുവെന്നും അൽ നുസ്റ പിരിച്ചുവിടുന്നെന്നും പ്രഖ്യാപനം. ഫതഹ് അൽ ശാം (സിറിയ കോൺക്വെസ്റ്റ് ഫ്രണ്ട്) എന്നു തന്റെ സംഘടന പേരുമാറ്റുന്നതായും പ്രഖ്യാപിച്ചു. സൈനിക യൂണിഫോമിൽ, തലപ്പാവ് ധരിച്ചെത്തിയ ജുലാനിയെ അന്നു ലോകം ശ്രദ്ധിച്ചു. വടക്കു പടിഞ്ഞാറൻ സിറിയയിൽ ശക്തി പ്രാപിച്ചശേഷം ജുലാനി തന്റെ സംഘടനയുടെ പേര് വീണ്ടും മാറ്റി, ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) എന്നാക്കി. സിറിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സംഘടന എന്നാണ് ഇതിനർഥം. തന്റെ ലക്ഷ്യങ്ങൾ സിറിയയിൽ ഒതുങ്ങുന്നുവെന്നും അൽ ഖായിദയുടെയും ഐഎസിന്റെയും ലക്ഷ്യങ്ങൾ പങ്കുവയ്ക്കുന്നില്ലെന്നും സൂചിപ്പിക്കാനും തുടർന്നുള്ള വർഷങ്ങളിൽ ജുലാനി ശ്രദ്ധിച്ചു.
വിഘടിച്ചുനിന്നിരുന്ന വിമതരെയൊക്കെ എച്ച്ടിഎസിൽ ഏകീകരിച്ചു ശക്തി നേടുകയായിരുന്നു പിന്നീട്. പാശ്ചാത്യ രാജ്യങ്ങളുടെ എതിർപ്പു ശക്തമായപ്പോൾ 2021ൽ ജുലാനി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. അമേരിക്കൻ മാധ്യമപ്രവർത്തകനു നൽകിയ അഭിമുഖത്തിൽ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ഒരുകാലത്തും തങ്ങൾ ഭീഷണിയല്ലെന്നും സിറിയയുടെ മോചനമാണു ലക്ഷ്യമെന്നും വ്യക്തമാക്കി. ഒന്നുകൂടി പറഞ്ഞു: ‘പടിഞ്ഞാറൻ ആശയങ്ങളെ ഞങ്ങൾ വിമർശിച്ചിട്ടുണ്ട്. പക്ഷേ, അതിനു യുദ്ധത2്തിന്റെ ഭാഷയില്ല.’
ഇപ്പോഴത്തെ വിമത മുന്നേറ്റത്തിനിടെ അലപ്പോയിൽ അതിക്രമം കാട്ടിയ സംഘാംഗങ്ങളെ ജുലാനി ശാസിച്ചെന്നും, ന്യൂനപക്ഷങ്ങളടക്കമുളള എല്ലാ വിഭാഗങ്ങളെയും ഉൾക്കൊളളുന്നതായിരിക്കണം പുതിയ സിറിയയെന്ന് അഭിപ്രായപ്പെട്ടെന്നും മാധ്യമ റിപ്പോർട്ടുകളുണ്ട്. ജുലാനിയുടെ യഥാർഥ വഴിയറിയാൻ കാത്തിരിക്കണം.