അധികാരത്തിൽ കണ്ണുമഞ്ഞളിച്ച കണ്ണുഡോക്ടർ
Mail This Article
വർഷം 1994. ലണ്ടനിലെ കണ്ണാശുപത്രി. അവിടെ ഡോക്ടർ രോഗിയെ പരിശോധിക്കുകയാണ്. ഒരു ഫോൺ സന്ദേശം ഡോക്ടറെ തേടിയെത്തി. ഡമാസ്കസിൽ ഒരു കാറപകടം, സഹോദരൻ മരിച്ചു. വേഗം നാട്ടിലെത്തണം. നാട്ടിൽ തിരിച്ചെത്തിയ ആ ഡോക്ടർക്ക് പുത്രവിയോഗത്തിൽ ദുഃഖിതനായിരുന്ന പിതാവു പുതിയൊരു ചുമതല നൽകി. കണ്ണുഡോക്ടർ ഇനി സിറിയയുടെ അടുത്ത ഭരണാധികാരിയുടെ കസേരയിൽ കണ്ണുവയ്ക്കണം. ആ ഡോക്ടറുടെ പേര് ബഷാർ അൽ അസദ്. പിതാവ്, സിറിയൻ ഭരണം 1970ൽ സൈനിക അട്ടിമറിയിലൂടെ പിടിച്ചെടുത്ത ഹാഫിസ് അൽ അസദ്.
-
Also Read
അശാന്തിയുടെ 13 വർഷങ്ങൾ
ഹാഫിസ് അൽ അസദ് തന്റെ പിൻഗാമിയായി കണ്ടിരുന്നത് മൂത്തമകൻ ബാസിലിനെയായിരുന്നു. സിറിയ ഭരിക്കുന്ന കുടുംബത്തിൽ പിറന്നിട്ടും ബഷാറിന് ഡോക്ടർ എന്ന തന്റെ പ്രഫഷനിൽ തുടരാനായിരുന്നു താൽപര്യം. പടിഞ്ഞാറൻ വിദ്യാഭ്യാസം നേടി കംപ്യൂട്ടറുകളുടെ ലോകത്തോട് ആഭിമുഖ്യമുള്ളവനായി ലണ്ടനിൽ കൂടി. അതിനിടെയാണ് ബാസിലിന്റെ മരണവും പിതാവിന്റെ തിരിച്ചുവിളിക്കലും. ആറുവർഷം ആ ഭരണത്തിൽ ‘കണ്ണുനട്ടു’ ബഷാർ. അതേസമയം, സിറിയൻ കംപ്യൂട്ടർ സൊസൈറ്റിയുടെ പ്രസിഡന്റായി. യുകെയിൽ ജനിച്ച അസ്മയെ വിവാഹം കഴിച്ചു. മൂന്നുമക്കളുമായി ഡമാസ്കസിൽ താമസം.
2000ൽ പിതാവ് മരിച്ചതോടെ ഭരണം ഏറ്റെടുത്തു. 2000 ജൂലൈ 17ന്, 33–ാം വയസ്സിൽ പ്രസിഡന്റ് സ്ഥാനം. ബഷാർ അധികാരം ഏറ്റെടുത്ത ഉടൻ നടത്തിയ പ്രഖ്യാപനങ്ങളും സ്വീകരിച്ച നടപടികളും ജനങ്ങളിൽ പ്രതീക്ഷ ഉണർത്തിയിരുന്നു. പലരുടെ കണ്ണുകളിലൂടെ ലോകം കണ്ട ആ ഡോക്ടർ യുവ തിരുത്തൽവാദിയെന്നു കരുതപ്പെട്ടു. പിതാവിന്റെ കാലത്ത് ജയിലിലായ ഒട്ടേറെ രാഷ്‌ട്രീയ തടവുകാരെ വിട്ടയച്ചു. നിഷ്‌ഠുര മർദനമുറകൾക്കു കുപ്രസിദ്ധിയാർജിച്ച ചില ജയിലുകൾ അടച്ചുപൂട്ടുകയും ചെയ്‌തു. ‘കണ്ണിൽ’ ചോരയുള്ളയാളായി വിശേഷിക്കപ്പെട്ടു.
പക്ഷേ, അധികാരം പകർന്ന അന്ധത സ്വയം ചികിത്സിക്കാൻ ആ കണ്ണുഡോക്ടർക്കു കഴിഞ്ഞില്ല. 2011ൽ തനിക്കെതിരെയുണ്ടായ വിമതനീക്കത്തെ അതിക്രൂരമായ രക്തച്ചൊരിച്ചിലിലൂടെ ബഷാർ നേരിട്ടപ്പോൾ ലോകം ഓർമിച്ചത് വടക്കൻ നഗരമായ ഹമായിൽ 1982ൽ പ്രക്ഷോഭം പിതാവ് ഹാഫിസ് അടിച്ചമർത്തിയതാണ്; ആയിരക്കണക്കിനാളുകളുടെ ചോരവീഴ്ത്തി അധികാരം നിലനിർത്തിയ അതേ ശൈലി. പിതാവിന്റെ വഴിയിലേക്കുള്ള തിരിച്ചുപോക്ക്.
സുന്നികൾക്കു ബഹുഭൂരിപക്ഷമുള്ള സിറിയയിൽ, ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് അസദ് കുടുംബം. ജനങ്ങളിൽ ഭൂരിപക്ഷത്തെ ഇവർ പ്രതിനിധീകരിക്കുന്നില്ലെന്നത് എപ്പോഴും ആഭ്യന്തരകലാപങ്ങൾക്കും അസ്വസ്ഥതകൾക്കും കളമൊരുക്കി.
-
Also Read
അസദിന് അഭയം നൽകിയിട്ടില്ലെന്ന് യുഎഇ
ഭരണകക്ഷിയായ ബാത്ത് പാർട്ടിക്കല്ലാതെ വേറൊരു കക്ഷിക്കും സിറിയയിൽ സ്‌ഥാനമില്ല. പാർട്ടിയെയോ ഗവൺമെന്റിനെയോ എതിർക്കുന്നവർ ജയിലിലാകുന്നു. അപകടകാരികളെന്നു കരുതുന്നവരെ നിരീക്ഷിക്കാൻ വ്യാപകമായ ചാരവലയം. ഭരണത്തിന്റെ നിർണായക സ്‌ഥാനങ്ങളിലെല്ലാം അസദ് കുടുംബത്തിലെ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും പിടിമുറുക്കി.
1970 മുതൽ അസദ് കുടുംബം സ്വീകരിച്ച ഏകാധിപത്യം അരനൂറ്റാണ്ടു പിന്നിട്ടു തുടരുന്നതാണു പിന്നെ ലോകം കണ്ടത്. ക്രൂരമായ പീഡനമുറകളുള്ള സൈനിക ക്യാംപുകൾ, വിചാരണയില്ലാത്ത വധശിക്ഷകൾ, 5 ലക്ഷത്തോളം പേരുടെ രക്തം ചൊരിഞ്ഞ വർഷങ്ങൾ, ജനസംഖ്യയുടെ പകുതിയോളവും രാജ്യം വിടുകയോ വീട് നഷ്ടപ്പെടുകയോ ചെയ്യാനിടയാക്കിയ സംഘർഷങ്ങൾ.. കണ്ണുഡോക്ടറുടെ ഭരണകാലം രാജ്യാന്തര മനുഷ്യാവകാശസംഘടനകളുടെ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു.
അടുത്തകാലത്ത് സിറിയ ഏറക്കുറെ ശാന്തമായിരുന്നു. ഒടുവിൽ പ്രതിപക്ഷ ഗ്രൂപ്പുകളുടെ സ്വാധീനമുണ്ടായിരുന്ന വടക്കു പടിഞ്ഞാറൻ കാറ്റും വടക്കു കിഴക്കൻ കുർദിഷ് കാറ്റും ചേർന്ന് ഒരു മിന്നൽച്ചുഴലിയായി എത്തി. ‘കണ്ണ’ടച്ചു തുറക്കും മുൻപ് ബഷാർ കടപുഴകി.