സിറിയയെ തീപിടിപ്പിച്ച ആ ചുവരെഴുത്ത്..; ആഭ്യന്തരയുദ്ധത്തിനു തിരികൊളുത്തിയ ദാരയിലെ 14 വയസ്സുകാരൻ
Mail This Article
ഡമാസ്കസ്∙ തെക്കൻ സിറിയയിലെ ദാര നഗരത്തിലുള്ള തെരുവിൽ ഒരു സിറിയൻ പതിന്നാലുകാരൻ 2011ൽ സ്പ്രേ പെയ്ന്റ് ഉപയോഗിച്ച് ഇങ്ങനെ എഴുതി. ‘ഇനി നിങ്ങളുടെ ഊഴമാണ് ഡോക്ടർ’ എന്നായിരുന്നു ആ എഴുത്ത്. മുവയ്യയെയും കൂട്ടുകാരെയും അക്കാലത്ത് തദ്ദേശ പൊലീസ് സേന അറസ്റ്റ് ചെയ്തു ദ്രോഹിച്ചിരുന്നു. ഇതിന്റെ പ്രതിഷേധമായിരുന്നു ചുവരെഴുത്ത്. മുൻപ് ഡോക്ടറായിരുന്ന ബഷാർ അൽ അസദിനെയാണു മുവയ്യ ഉദ്ദേശിച്ചത്.
അറബ് വസന്തം പല രാജ്യങ്ങളിലും അധികാരികളെ തെറിപ്പിച്ച സമയമായതിനാൽ സിറിയൻ ഭരണകൂടം കടുത്ത രീതിയിലാണു ചുവരെഴുത്തിനോടു പ്രതികരിച്ചത്. മുവയ്യയെയും കൂട്ടുകാരെയും സിറിയൻ രഹസ്യപ്പൊലീസ് അറസ്റ്റ് ചെയ്തു. 26 ദിവസം തടവിൽ പീഡിപ്പിച്ചു. ഇവരെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടവരുടെ നേർക്കു വെടിവയ്പ് ഉൾപ്പെടെ സിറിയൻ ഭരണകൂടം നടത്തി. മർദനമേറ്റ് അവശരായ മുവയ്യയുടെയും കൂട്ടുകാരുടെയും ചിത്രങ്ങൾ പ്രചരിച്ചു.
തൊട്ടടുത്ത വർഷം വിദ്യാഭ്യാസം നിർത്തിയ മുവയ്യ സാമൂഹിക പ്രവർത്തകനായി. ആയുധമെടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു. എന്നാൽ എൻജിനീയറായ പിതാവ് സിറിയൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആ പ്രതിജ്ഞയെ ഇളക്കി. വിമതസേനയിൽ ചേർന്ന മുവയ്യ ഇന്നെവിടെയാണെന്നത് അജ്ഞാതം.