സിറിയ: ലോകം പ്രതികരിക്കുന്നു
Mail This Article
ഡോണൾഡ് ട്രംപ്, നിയുക്ത യുഎസ് പ്രസിഡന്റ്: അസദ് രാജ്യം വിട്ട് ജീവനും കൊണ്ടോടി. അസദിനെ ഇക്കാലമത്രയും സംരക്ഷിച്ചു പോന്ന റഷ്യ, വ്ലാഡിമിർ പുട്ടിൻ ഭരിക്കുന്ന റഷ്യ, ഇനിയും ആ കരുതൽ തുടരാൻ താൽപര്യമില്ലാതെ അദ്ദേഹത്തെ കയ്യൊഴിഞ്ഞു.
ഡാനിയൽ ഷാപിറോ, പെന്റഗൺ മധ്യപൂർവദേശ വിഭാഗം ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി: കിഴക്കൻ സിറിയയിൽ യുഎസ് സൈനികസാന്നിധ്യം തുടരും. ഐഎസ് ഭീകരസംഘടനയുടെ തിരിച്ചുവരവ് ഒഴിവാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കും.
ഇമ്മാനുവൽ മക്രോ, ഫ്രഞ്ച് പ്രസിഡന്റ്: അവസാനം, കിരാതമായ ഒരു ഭരണകൂടം വീണിരിക്കുന്നു. സിറിയൻ ജനതയുടെ ധൈര്യത്തിനും ക്ഷമയ്ക്കും മുന്നിൽ ആദരമർപ്പിക്കുന്നു.
റഷ്യൻ വിദേശകാര്യ മന്ത്രാലയം: സമാധാനപരമായ അധികാരക്കൈമാറ്റത്തിനുള്ള നിർദേശങ്ങൾ നൽകിയാണ് അസദ് രാജ്യം വിട്ടിരിക്കുന്നത്. അസദിന്റെ യാത്രയുമായി ബന്ധപ്പെട്ട് റഷ്യയുമായി ആശയവിനിമയം ഉണ്ടായിട്ടില്ല. ഗൗരവമുള്ള ഭീഷണിയൊന്നുമില്ലെങ്കിലും സിറിയയിലെ റഷ്യൻ സൈനിക താവളങ്ങൾ അതീവജാഗ്രതയിലാണ്. വിമതസഖ്യത്തിലെ എല്ലാവരുമായി റഷ്യ ബന്ധപ്പെടുന്നുണ്ട്.
ഹകൻ ഫിദാൻ, തുർക്കി വിദേശകാര്യ മന്ത്രി: സിറിയൻ ജനത അവരുടെ ഭാവി രൂപപ്പെടുത്തുന്ന ഘട്ടമെത്തിയിരിക്കുകയാണ്. ഇന്ന് അവിടമാകെ പ്രതീക്ഷ നിറഞ്ഞിരിക്കുന്നു.
അനലേന ബാർബക്, ജർമൻ വിദേശകാര്യമന്ത്രി: ക്രൂരതകൾ ചെയ്തു കൂട്ടിയ അസദ് ഭരണത്തിന്റെ അന്ത്യത്തോടെ സിറിയയിലെ ജനങ്ങൾ ആദ്യമായി ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണ്.