ADVERTISEMENT

കയ്റോ ∙ അസദ് അനന്തര സിറിയയുടെ ഭാവി ചർച്ച ചെയ്യാനായി ജോർദാനിൽ അറബ് രാജ്യ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി ഇന്നു നടക്കും. തുർക്കി, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നും യുഎന്നിൽനിന്നുമുള്ള നയതന്ത്രജ്ഞരും പങ്കെടുക്കും. സിറിയയിലെ ഇപ്പോഴത്തെ ഭരണശൂന്യത ഐഎസ് മുതലെടുക്കുന്നതു തടയുകയും വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തോടെ ഭരണമാറ്റം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

ഉച്ചകോടിക്കു മുന്നോടിയായി ജോർദാൻ, തുർക്കി ഭരണാധികാരികളെ സന്ദർശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബഗ്ദാദിലെത്തി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ ഷിയയുമായും കൂടിക്കാഴ്ച നടത്തി.

സിറിയയിലെ കുപ്രസിദ്ധമായ സേദ്നായ ജയിൽ അടക്കം രാഷ്ട്രീയതടവുകാരെ പാർപ്പിച്ചിരുന്ന തടവറകളിൽനിന്നുള്ള ദൃശ്യങ്ങൾ സിറിയൻ ജനത ദശകങ്ങളായി നേരിട്ട ക്രൂരപീഡനങ്ങളെ വെളിപ്പെടുത്തുന്നുവെന്ന് യുഎൻ പ്രതിനിധി പറ‍ഞ്ഞു.

ജയിലുകളിലെ അറസ്റ്റ് റജിസ്റ്ററുകൾ, തടവുകാരുടെ പട്ടിക അടക്കം നിർണായകമായ രേഖകളൊന്നും നശിപ്പിക്കപ്പെടാതെ ശ്രദ്ധിക്കണമെന്ന് റെഡ് ക്രോസ് രാജ്യാന്തര സമിതി (ഐസിആർസി) മേധാവി സ്റ്റീഫൻ സകാലിയൻ ആവശ്യപ്പെട്ടു. സേദ്നായ ജയിൽ സന്ദർശിച്ചപ്പോൾ അവിടെ കെട്ടുകണക്കിനു ജയിൽരേഖകൾ നശിപ്പിക്കപ്പെട്ടതായി കണ്ടതിനെത്തുടർന്നാണ് അഭ്യർഥന. 13 വർഷം നീണ്ട ആഭ്യന്തരയുദ്ധകാലത്ത് 35,000 പേരെ കാണാതായെന്നു റെഡ്ക്രോസ് വ്യക്തമാക്കി.

സിറിയയിൽ ഇസ്രയേൽ തുടരുന്ന വ്യോമാക്രമണങ്ങളെ യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. കഴിഞ്ഞ 2 ദിവസത്തിനിടെ 350 ബോംബാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. ഗോലാൻകുന്നുകളിൽ ഇസ്രയേൽ അധിനിവേശം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. എന്നാൽ, സിറിയയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ സുരക്ഷ മുൻനിർത്തിയാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ന്യായീകരിച്ചു. 

English Summary:

Syria: Arab foreign ministers will meet in Jordan today for a summit to discuss the future of Syria after Assad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com