ട്രംപിന്റെ മാനനഷ്ടക്കേസ്: എബിസി ന്യൂസ് 1.5 കോടി നൽകും
Mail This Article
ന്യൂയോർക്ക് ∙ ടിവി പരിപാടിക്കിടെ തെറ്റായ പരാമർശം നടത്തിയ സംഭവത്തിൽ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസ് രാജിയാകാൻ എബിസി ന്യൂസ് ഒന്നരക്കോടി ഡോളർ നഷ്ടപരിഹാരം നൽകും. ആങ്കർ ജോർജ് സ്റ്റഫാനോപൗലോസിന്റെ ‘ദിസ് വീക്ക്’ പരിപാടിക്കിടെ കഴിഞ്ഞ മാർച്ച് 10നു നടത്തിയ പരാമർശമാണ് കേസിനിടയാക്കിയത്. എഴുത്തുകാരി ഇ.ജീൻ കാരൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ ട്രംപിന് നിയമപരമായ ബാധ്യതയുണ്ടെന്നായിരുന്നു പരാമർശം.
തെറ്റായ പരാമർശം നടത്തിയതിന് ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറിക്ക് ഒന്നരക്കോടി ഡോളർ നഷ്ടപരിഹാരം നൽകുന്നതിനു പുറമേ എബിസിയുടെ വെബ്സൈറ്റിൽ ക്ഷമാപണം പ്രസിദ്ധീകരിക്കുകയും ചെയ്യും. കോടതിച്ചെലവായി 10 ലക്ഷം ഡോളർ നൽകാനും ധാരണയായതായി എബിസി ന്യൂസ് അറിയിച്ചു.
കാരളിന്റെ കേസിൽ ട്രംപിനു പങ്കുണ്ടെന്ന് കഴിഞ്ഞ വർഷം കോടതി കണ്ടെത്തി 50 ലക്ഷം ഡോളർ പിഴ വിധിച്ചിരുന്നു. എന്നാൽ ന്യൂയോർക്കിലെ നിയമപ്രകാരം ട്രംപ് ബലാത്സംഗം ചെയ്തു എന്ന് വിധിയിൽ പറയുന്നില്ല.