ഗാസ: മരണം 45,000 കടന്നു; കൊല്ലപ്പെട്ടവരിൽ അൽ ജസീറ റിപ്പോർട്ടറും
Mail This Article
ഗാസ ∙ ഇസ്രയേൽ ഗാസയിൽ നടത്തുന്ന യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 45,000 കടന്നു. ഗാസയിലെ ആരോഗ്യവകുപ്പ് അധികൃത നൽകിയ വിവരമനുസരിച്ച് ഇവരിൽ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. ഇതേസമയം, വധിക്കപ്പെട്ടവരിൽ 17,000 ൽ അധികം പേർ ഹമാസിന്റെ സായുധ പ്രവർത്തകരാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
കഴിഞ്ഞ വർഷം ഒക്ടോബർ 7 നു തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 1,06,962 പേർക്ക് പരുക്കേറ്റു എന്നാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങളിൽ ഇനിയും ആയിരക്കണക്കിന് മൃതശരീരങ്ങൾ കിടക്കുന്നതിനാൽ മരണസംഖ്യ പൂർണമല്ലെന്നും അധികൃതർ അറിയിച്ചു.
ഗാസയിൽ ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളിൽ 53 പലസ്തീൻകാർ കൂടി മരിച്ചു. ഇക്കൂട്ടത്തിൽ ഒരു മാധ്യമപ്രവർത്തകനും രക്ഷാപ്രവർത്തന സംഘാംഗങ്ങളും ഡോക്ടർമാരും ഉൾപ്പെടും. അൽ ജസീറയുടെ റിപ്പോർട്ടറായ അഹമ്മദ് അൽ ലൂഹാണു മരിച്ചത്. നുസ്രത്ത് മാർക്കറ്റ് മേഖലയിൽ നടത്തിയ ആക്രമണത്തിലാണു ലൂഹ് കൊല്ലപ്പെട്ടത്. മറ്റ് 5 പേരും ഈ ആക്രമണത്തിൽ മരിച്ചു. ഗാസയിലെ ലാഹിയ, ബെയ്റ്റ് ഹാനുൻ, ജബാലിയ, റഫ, ഖാൻ യൂനിസ് തുടങ്ങിയ മേഖലകളിലും വ്യോമാക്രമണം നടന്നു.
ട്രംപ്– നെതന്യാഹു ചർച്ച നടത്തി
ഗാസയിൽ ഹമാസ് ബന്ദികളായി പിടിച്ചവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതു സംബന്ധിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ചർച്ച നടത്തി. സിറിയയിലെ സംഭവവികാസങ്ങളും ചർച്ചയിൽ വിഷയമായി. നൂറിലേറെ ബന്ദികളെ ചർച്ചകളുടെ ഫലമായും ഇസ്രയേൽ സൈനിക ദൗത്യങ്ങളിലൂടെയും മോചിപ്പിച്ചിരുന്നു. ഇനിയും നൂറിലേറെപ്പേർ തടവിലാണ്. ഇവരിൽ പകുതിയോളം പേർ കൊല്ലപ്പെട്ടിരിക്കാമെന്നും അഭ്യൂഹമുണ്ട്.