വെടിനിർത്തൽ ചർച്ചകൾ മുറുകുന്നു; ആക്രമണവും
Mail This Article
കയ്റോ ∙ വെടിനിർത്തൽ കരാറിനുള്ള ചർച്ചകൾ ഊർജിതമാകുമ്പോഴും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 32 പേരാണു കൊല്ലപ്പെട്ടത്. അഭയാർഥി ക്യാംപും വീടുകളും ആക്രമിക്കപ്പെട്ടു. ഗാസ സിറ്റിയിലെ ക്യാംപിൽ മാത്രം 9 പേരാണു കൊല്ലപ്പെട്ടത്. ജബാലിയയിൽ വീടുകൾ നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഇസ്രയേൽ സേന ഇതിനോടു പ്രതികരിച്ചിട്ടില്ല.
യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തിലാണ് ഈജിപ്തിലും ഖത്തറിലുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്. ഒറ്റഘട്ടമായുള്ള വെടിനിർത്തൽ പാക്കേജ് വേണമെന്ന നിലപാടിലാണ് ഹമാസ്. ഇസ്രയേൽ ഇതിനോടു യോജിക്കുന്നില്ല. ഘട്ടംഘട്ടമായി ഉടമ്പടി നടപ്പാക്കാമെന്നാണ് വാദം. ആദ്യഘട്ടത്തിൽത്തന്നെ ഇരുഭാഗത്തുനിന്നും ബന്ദികളെ വിട്ടയയ്ക്കുന്നതിലാണ് ചർച്ച ഊന്നുന്നത്. എത്രപേരെ വിട്ടയയ്ക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച ചർച്ച നടന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല.
ഗാസയിൽനിന്ന് ആക്രമണഭീഷണിയുണ്ടായാൽ ഇടപെടാനുള്ള അവകാശം അംഗീകരിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെടുന്നു. ഉടമ്പടി വ്യവസ്ഥകൾ നടപ്പാക്കുമ്പോഴും ഗാസയിൽ തുടരാൻ സേനയെ അനുവദിക്കണമെന്നും വാദിക്കുന്നു. ഗാസയിൽ ഇസ്രയേലിനു സുരക്ഷാനിയന്ത്രണമുണ്ടാകുമെന്നും ഇടപെടാൻ പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞിരുന്നു. 14 മാസമായി തുടരുന്ന ആക്രമണത്തിൽ ഗാസയിൽ 45,129 പേരാണു കൊല്ലപ്പെട്ടത്.