ജയിലിലും വിശുദ്ധ വാതിൽ തുറന്ന് മാർപാപ്പ; വിശുദ്ധ വർഷത്തിൽ തുറക്കുന്നത് 5 വിശുദ്ധ വാതിലുകൾ
Mail This Article
റോം ∙ കത്തോലിക്കാ സഭയുടെ മഹാജൂബിലി വിശുദ്ധവർഷാഘോഷങ്ങളുടെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ‘വിശുദ്ധ വാതിൽ’ കൂടി തുറന്നു. ഇറ്റലിയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ റെബീബിയയിലെ ചാപ്പലിന്റെ ഭാഗമായ വാതിലാണു തുറന്നത്. ക്രിസ്മസ് ദിവസം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ മാർപാപ്പ തുറന്നിരുന്നു. വിശുദ്ധ വർഷത്തിൽ 5 വിശുദ്ധ വാതിലുകളാണു തുറക്കുന്നത്.
കത്തോലിക്കാ സഭയിൽ 1300ൽ ആരംഭിച്ച വിശുദ്ധവർഷാചരണത്തിൽ ഇതാദ്യമായാണു ജയിലും ഭാഗമാകുന്നത്. മോശം സമയങ്ങളിൽ എല്ലാം കഴിഞ്ഞുവെന്നു നമ്മൾക്കു തോന്നാമെങ്കിലും ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടരുതെന്നു മാർപാപ്പ ജയിൽ അന്തേവാസികളും ജീവനക്കാരും ഉൾപ്പെട്ട സദസ്സിനോടു പറഞ്ഞു. ഈ സന്ദേശം നൽകുന്നതിനുവേണ്ടിയാണ് ഇവിടെ ചടങ്ങു നടത്തുന്നതെന്നും മാർപാപ്പ പറഞ്ഞു.
2026 ജനുവരി 6 വരെ നീളുന്ന വിശുദ്ധ വർഷാചരണത്തിൽ വിശ്വാസികൾക്ക് ഇവിടേക്കു തീർഥാടനം നടത്താം. പൂർണ ദണ്ഡവിമോചനം (പാപമുക്തി) ലഭിക്കുന്ന തീർഥാടനമാണിത്.